വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ മതബോധന പ്രധാന അധ്യാപകരുടെ കൂടിവരവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ച് അജപാലന ശുശ്രൂഷ. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ തോമസ് ജെ നെറ്റോ മെത്രാപോലീത്ത മുഖ്യസന്ദേശം നൽകി.
ജൂബിലി ആഘോഷിക്കുമ്പോൾ വ്യക്തികളും കുടുംബങ്ങളും നവീകരിക്കപെടണമെന്നും അതിലൂടെ ഇടവക സമൂഹം നവീകരിക്കപ്പെടണമെന്നും, ശുശ്രൂഷകൾ സജീവമാക്കി സിനഡാത്മക നവീകരണം അതിരൂപതയിൽ പൂർത്തീകരിക്കപ്പെടണമെന്ന് പിതാവ് പറഞ്ഞു. രു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുന്നത് മുതൽ മരണം വരെ വിശ്വാസപരിശീലനം നടക്കണമെന്നും അതിനുവേണ്ട ക്രമീകരണങ്ങൾ വിശ്വാസ ജീവിത പരിശീലനത്തിൽ ഉൾ ചേർക്കണമെന്നും ഓർമിപ്പിച്ചു.
വിശ്വാസ ജീവിത പരിശീലനത്തിൽ ജൂബിലിയോട് അനുബന്ധിച്ച് അധ്യാപകർക്കുള്ള പങ്ക് വലുതാണെന്നും അതിരൂപതയുടെ പ്രതീക്ഷക്കൊത്ത് ഇടവകകളിലെ മതബോധന സംവിധാനം ഉയരണമെന്നും അജപാലന ഡയറക്ടർ ഫാ. ഷാജു വില്യം പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും മതബോധന ഡയറി സമ്മാനമായി നൽകുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത്ത് ആന്റണി അതിരൂപത സെക്രട്ടറി സിൽവദാസ് എന്നിവർ സന്നിഹിതരായിരുന്നു.