വെള്ളയമ്പലം: കുടുംബങ്ങളുടെ സമഗ്ര വളർച്ചയും വീണ്ടെടുപ്പും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശുശ്രൂഷ എല്ലാ വർഷവും പ്രത്യേക വിഭാഗങ്ങളെ അനുധാവനം ചെയ്യുവാൻ തുടക്കം കുറിക്കുന്ന പരിപാടിയാണ് ക്രിസ്തുമസ് സ്മൈൽ. ഈ വർഷത്തെ ക്രിസ്തുമസ് സ്മൈൽ ഡിസംബർ 21 ശനിയാഴ്ച വെള്ളയമ്പലം റ്റി.എസ്.എസ്.എസ് ഹാളിൽ ബഹു. മിനി ആന്റണി IAS സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജീവിതത്തിലെ വെല്ലുവിളികൾ റൂത്തിനെയും യൂദിത്തിനെയും മാതൃകയാക്കി പ്രത്യാശ നിറഞ്ഞവരാകണമെന്ന് സംഗമത്തിൽ പങ്കെടുത്തവരോട് തോമസ് ജെ. നെറ്റോ മെത്രാപോലീത്ത പറഞ്ഞു. അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ആശംസകളർപ്പിച്ച് സംസാരിച്ചു. ഈ വർഷം പ്രത്യേക അജപാലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് 45 വയസിന് താഴെയുള്ള വിധവകളെയാണ്.
തുടർന്ന് നടന്ന സെമിനാറിൽ പ്രൊഫ. ഐറിസ് കൊയിലോ ക്ലാസ് നയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ക്രിസ്തുമസ് കലാപരിപാടികളും, ഗെയിംസും നടന്നു. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ക്രിസ്തുമസ് കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നല്കി സമ്മാനങ്ങൾ കൈമാറി. വൈകുന്നേരം കുടുംബ ശുശ്രൂഷയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഉപകാരികൾ, സന്നദ്ധ പ്രവർത്തകർ, റിസ്സോഴ്സ് പേഴ്സൺ, ആനിമേറ്റേഴ്സ്, കൗൺസിലേഴ്സ് എന്നിവരുടെ സംഗമം നടന്നു. ചടങ്ങിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാഥിതിയായിരുന്നു. ഡിസംബർ 22 ഞായറാഴ്ച ബധിര മൂകരുടെ സംഗമവും ക്രിസ്തുമസ് ആഘോഷവും വെള്ളയമ്പലത്ത് നടക്കും. കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് പരിപാടികൾക്ക് നേതൃത്വം നൽകി.