ഒറ്റ ദിവസം കൊണ്ട് എല്ലാ പത്രങ്ങളുടെയും, മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ വരെ ഇടം നേടി കേരളത്തിലെ തന്നെ ഇന്നത്തെ കൊച്ചു സെലബ്രിറ്റിയായി മാറുകയാണ് ജെനി ജെറോം. പിന്നോക്കം നിൽക്കുന്ന എല്ലാ സമൂഹങ്ങളുടെയും ജനങ്ങളുടെയും പ്രതീക്ഷയാണ് ഈ പെൺകുട്ടി അതുകൊണ്ടുതന്നെയാണ് ജെനിയുടെ നേട്ടം ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി കേരളജനത സ്വീകരിക്കുന്നത്. ആകാശം ലക്ഷ്യമാക്കി പറക്കാൻ എല്ലാ കുട്ടികൾക്കും, പ്രത്യേകുച്ച് പ്രതിസന്ധികളെ നേരിടുന്ന പെൺകുട്ടികൾക്ക് നിറഞ്ഞ പ്രചോദനമായി മാറിയിരിക്കുന്നു ഇന്നവൾ.
ഇന്നലത്തെ എയർ അറേബ്യയുടെ ഇന്ത്യൻ പറക്കലോടെ കേരളത്തിലെതന്നെ ഏറ്റവും പ്രായംകുറഞ്ഞ പെൺ കൊമേഴ്സ്യൽ പൈലറ്റാണ് ഇരുപത്തിമൂന്നുകാരിയായ തിരുവനന്തപുരത്തെ തീരദേശത്തെ കൊച്ചുതുറയിൽ ജനിച്ച ഈ പെൺകുട്ടി. എട്ടാം ക്ളാസ്സിലാരംഭിച്ച ആഗ്രഹത്തിനും സ്വപ്നത്തിനും കൂട്ടായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ഛൻ ജെറോമും വീട്ടമ്മയായ അമ്മ ഷേർളിയും കൂടെയുണ്ടായിരുന്നു എന്നും. അതുതന്നെയാകണം ഈ പെൺകുട്ടിയുടെ ഏറ്റവും വലിയ ശക്തിയും സമ്പാദ്യവും. വീട്ടുകാരുടെ ചെറിതല്ലാത്ത് പിന്തുണയും പ്രോത്സാഹനവും കുട്ടുകളുടെ ജീവിതത്തിന് നൽകുന്ന് കുതിപ്പിന്റെ വലിയ അടയാളം കൂടിയാണി ജീവിതം.
പതിനെട്ട് മാസത്തെ പരിശീലനത്തിനിടയിൽ ഫിലിപ്പീൻസിൽ വച്ച് പരിശീലന വിമാനം അപകടലാൻഡിങ് നടത്തേണ്ടിവന്നെങ്കിലും മുന്നോട്ട് പോകാൻ തന്നെയായിരുന്നു ജീവിതം അവളെ പഠിപ്പിച്ച പാഠം. വിജയത്തിന്റെയും പത്രവാർത്തകളുടെയും, സാമൂഹികമാധ്യമ പുകഴ്ത്തലുകളുടെയും മുൻപിൽ നിൽക്കുമ്പോഴും അവളുടെ ജീവിതമുയർത്തുന്ന സന്ദേശം വ്യക്തമാണ്, ജെനിയോടെ അവസാനിക്കേണ്ടതല്ല, ജനിയിൽ നിന്നും തുടരേണ്ടതാണ് നമ്മുടെ വിദ്യാഭ്യാസ വിപ്ലവം.