ആനി മസ്ക്രീന്റെ 122- ആം ജന്മദിനത്തിൽ കെ എൽ സി ഡബ്ലിയു എ – യുടെ സ്ഥാപകദിനാഘോഷം വെള്ളയമ്പലം ടി. എസ്. എസ്. എസ് ഹാളിൽ നടന്നു. കെ. എൽ. സി. ഡബ്ലിയു. എ സംസ്ഥാന പ്രസിഡന്റ് ഷേർലി സ്റ്റാൻലി പതാകയുയർത്തി. എമിരിറ്റസ് മോസ്റ്റ്. റവ. ഡോ. സൂസൈപാക്യം പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ആനി മസ്ക്രീൻ ധീരതയോടെ നടന്നു മുന്നേറിയ വഴികളിലൂടെ ആനി മസ്ക്രീന്റെ ജീവിതം മാതൃകയായി കൈകൊണ്ട് നിരവധി സ്ത്രീകൾ നമ്മുടെ ഇടയിൽ നിന്നും നടന്നു മുന്നേറണമെന്നും, സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ക്രിസ്തുവിനെ ഉത്ഘോഷിച്ചുകൊണ്ട് നല്ല മാതൃക കാട്ടി ലക്ഷ്യത്തിലെത്തിച്ചേരണമെന്നും അദ്ദേഹം ആശംസിച്ചു.
സമൂഹത്തിൽ പുറന്തള്ളപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുന്നവരാവണം കെ. എൽ. സി. ഡബ്ലിയു. എ – യിലെ ഓരോ സ്ത്രീകളും. രാഷ്ട്രീയവൽക്കരണത്തിനായി ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണാധികാരികൾക്കുമുന്നിൽ അവകാശങ്ങൾക്കായി പോരാടുന്നവരാവണം കെ. എൽ. സി. ഡബ്ലിയു. എ അംഗങ്ങളെന്ന് കെ. എൽ. സി. ഡബ്ലിയു. എ സംസ്ഥാന പ്രസിഡന്റ് ഷേർലി സ്റ്റാൻലി പറഞ്ഞു.
കൊച്ചി രൂപത അരൂർ എം. എൽ. എ. ശ്രീമതി ദലീമ ജോജോ മെമ്പർഷിപ് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. മാനുഷിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിനുതകുന്ന പ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കുന്നവരാണ് ശക്തരായ സ്ത്രീ ജനങ്ങളെന്നും ചുറ്റുമുള്ള മറ്റുജീവജാലങ്ങളെയും മാനുഷിക മൂല്യങ്ങളുൾകൊണ്ടുകൊണ്ട് സ്നേഹിക്കാനും പരിചരിക്കാനും സാധിക്കുന്നവരാകണമെല്ലാവരുമെന്നും ദുഖമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ ശക്തമായി ഇറങ്ങിചെല്ലേണ്ട കടമകൂടി കെ. എൽ. സി. ഡബ്ലിയു. എ അംഗങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം സിമി റോസ്ബൽ ജോൺ പാട്രൺ മെമ്പർഷിപ് സ്വീകരിച്ച് ആശംസകളർപ്പിച്ചു സംസാരിച്ചു. ആനി മസ്ക്രീൻ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്നതിനായി കാട്ടിയ മനോധൈര്യം ഏവർക്കും ആവേശം പകരുന്നതാണെന്നും, തന്റെ ജീവിതം തന്നെ സമൂഹത്തിന്റെ നന്മക്കായി ത്യാഗമനോഭാവത്തോടെ സമർപ്പിച്ച വ്യക്തിത്വമാണ് ആനി മസ്ക്രീന്റേതെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച് പെരേര സ്ഥാപക ദിനാഘോഷത്തിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്ത്രീ ജനങ്ങൾക്ക് ഭരണരംഗത്ത് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കണമെന്ന് ആശംസിച്ചു.
കെ.എൽ.സി ഡബ്ലിയു എ തിരുവനന്തപുരം അതിരൂപത ജനറൽ സെക്രട്ടറി ശ്രീമതി ഷേർലി ജോണി, അതിരൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ്, കെസിബിസി വിമൻസ് കമ്മീഷൻ സെക്രട്ടറി ശ്രീമതി ജയിൻ ആൻസിൽ ഫ്രാൻസിസ്, കെ എൽ സി ഡബ്ലിയു എ അസോസിയേറ്റ് ജനറൽ ഫാ. ജിജു അറക്കത്തറ, ജൂനിയർ ആനിമസ്ക്രീൻ, തിരുവനന്തപുരം അതിരൂപത കെഎൽസിഡബ്ലിയുഎ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, കെ ആർ എൽ സി ബി സി വുമൺസ് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ എമ്മ മേരി, കെ എൽ സി ഡബ്ല്യു എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൺസ ആന്റിൽസ്, കെ എൽ സി ഡബ്ലിയു എ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, കെ. എൽ.സി.ഡബ്ലിയു.എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി മെറ്റിൽഡ മൈക്കിൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.