വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ് ആവശ്യപ്പെട്ടു. കെ.ആർ.എൽ.സി.യുടെ സഹകരണത്തോടെ നടത്തുന്ന നേതൃ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ആദ്യ ക്യാമ്പ് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. കെ. എൽ. സി. എ സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ഭാഗ്യോദയം അധ്യക്ഷത വഹിച്ചു.
കണ്ടാൽ അറിയാവുന്ന ആളുകൾ എന്ന പേരിൽ പ്രദേശത്തെ നിരവധി ആളുകളെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നും സമരം അവസാനിച്ചപ്പോൾ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. കേസുകളിൽ ഹാജരാകാൻ ഇപ്പോഴും പോലീസ് നോട്ടീസ് നൽകുകയാണ്. ഈ പ്രവണത തുടർന്നാൽ രണ്ടാം ഘട്ട സമരം ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണം ഉണ്ടാക്കുന്നില്ലെന്ന പ്രചരണം ഈ ഘട്ടത്തിൽ വിസിൽ ഏറ്റെടുത്തിരിക്കുന്നത് തീര ശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയെ സ്വാധീനിക്കാനാണെ
ന്നും കെ എൽ സി എ സംസ്ഥാന തെക്കൻ മേഖല ക്യാമ്പ് വിലയിരുത്തി. വിഴിഞ്ഞത്ത് നടന്ന സമരത്തിന്റെ സമ്മർദ്ദഫലമായാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ ദിനങ്ങളുടെ വേതനം നൽകുമെന്ന് തീരുമാനിക്കാൻ സർക്കാർ തയ്യാറായതെന്നും ക്യാമ്പ് വിലയിരുത്തി.
സമരത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ മത്സ്യത്തൊഴികൾക്കും ഈ പ്രയോജനം ലഭിക്കും. ഫാ. തോമസ് തറയിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ശ്രീ. പ്ലാസിഡ് ഗ്രിഗറി, ശ്രീ. തോമസ് കെ സ്റ്റീഫൻ, ശ്രീ. ആന്റണി ആൽബർട്ട്, അഡ്വ. ഷെറി ജെ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.