ജൂനിയർ മിസ് ഡയമണ്ട് കിരീടവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് അതിർത്തികൾക്കപ്പുറത്ത് നിന്നും അഭിമാനത്തിന്റെ നേട്ടം കൊയ്ത് കേറ്റ്ലിൻ എന്ന കൊച്ചു മിടുക്കി. യൂ.കെ യിൽ വർഷാവർഷം നടക്കുന്ന മിസ്സ് ഡയമണ്ട് ടൈറ്റിൽ മത്സര ഇനത്തിൽ ജൂനിയർ വിഭാഗം വിജയ കിരീടം സ്വന്തം ആക്കുകയായിരുന്നു വെട്ടുകാട് സ്വദേശിനി കൂടിയായ കേറ്റ്ലിൻ. ആദ്യമായാണ് ഒരു മലയാളി ഇത്തരം വിഭാഗത്തിൽ വിജയിയാകുന്നത്.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് യുകെയിൽ നിന്നും അയർലണ്ടിൽ നിന്നുമായി 60-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് കേറ്റ്ലിൻ വിജയ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തെ തുടർന്ന് ജൂലൈ 2023 ലെ റീജൻസി ഇന്റർനാഷണൽ മത്സരത്തിൽ ലാസ് വെഗാസിൽ ലോകമെമ്പാടുമുള്ള മത്സരാർത്ഥികൾക്കൊപ്പം ഈ കൊച്ചു മിടുക്കി അയർലണ്ടിനെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ഇറങ്ങും. ഡയമണ്ട് സ്റ്റൈൽ ക്വീൻ, ഡയമണ്ട് പേഴ്സണാലിറ്റി അവാർഡുകളും കേറ്റ്ലിൻ നേടിയിട്ടുണ്ട്.
ഒമാഗിലെ ക്രൈസ്റ്റ് ദി കിംഗ് പ്രൈമറി സ്കൂളിൽ 7 ആം ക്ലാസ് വിദ്യാർഥിനിയാണ് കേറ്റ്ലിൻ. അച്ഛൻ ബെൻസൺ ഫെർണാണ്ടസ്, അമ്മ ജാൻസി ജോസഫ്, സഹോദരൻ അഡ്രിയാൻ ഫെർണാണ്ടസ് എന്നിവരാണ് കേറ്റ്ലിൻറെ കുടുംബാംഗങ്ങൾ.