നാളുകളായി അനിയന്ത്രിതമായ ശാരീരിക ചലനങ്ങളും മസ്തിഷ്കത്തിന്റെ താളം തെറ്റിയ പ്രവർത്തനവും സെപ്റ്റിക് ഷോക്കും അനുഭവിക്കുന്ന 11 വയസ്സുള്ള തങ്ങളുടെ മകൾക്ക് വേണ്ടി മറ്റൊന്നും ചെയ്യാനാകില്ലെന്ന് ആ ഡോക്ടർമാർ റോക്സാന സോസ എന്ന അമ്മയോട് പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ നിശബ്ദയായി. ആ അമ്മ അവിടുന്ന് ഇറങ്ങി നേരെ പോയി. ആശുപത്രിക്ക് അടുത്തുള്ള കത്തോലിക്ക പള്ളിയിലേക്ക്…
ബ്യൂണസ് അയേഴ്സിലെ ആ ദേവാലയത്തിനുള്ളിൽ, ദിവസങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ തന്റെ മകളുടെ കിടക്കയ്ക്കരികെ പ്രാർഥിച്ചുകൊണ്ടിരുന്ന ഫാ. ജോസ് ഡാബസ്തിയെ അവൾ കണ്ടുമുട്ടി. പുരോഹിതനോട് അവർ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ആ അമ്മയുടെ മകളെ – കാൻഡെല ഗിയർഡ എന്ന പതിനൊന്നുകാരിയെ – ദൈവദാസനായ ജോൺ പോൾ ഒന്നാമന്റെ മധ്യസ്‌ഥതയിൽ സമർപ്പിച്ചു പ്രാർഥിക്കാൻ ആ വൈദികൻ അവരോട് നിർദേശിച്ചു. അവർ ഒരുമിച്ചു പ്രാർഥിച്ചു. അന്നേ ദിവസം രാവിലെ, ഫാവലോറോ ഫൗണ്ടേഷനിലെ ഡോക്ടർമാർ കാൻഡെലയുടെ ആരോഗ്യനിലയെ സൂചിപ്പിച്ചത് ‘ആസന്നമരണാവസ്‌ഥ’ എന്നാണ്.
Febrile Infection-Related Epilepsy Syndrome എന്ന അപസ്മാര അവസ്‌ഥയായിരുന്നു കാൻഡെലയ്ക്ക്. ആശുപത്രിവാസത്തിനു ഏതാണ്ട് നാലുമാസം മുൻപ് മാത്രമാണ് അവൾക്ക് ഈ അസുഖം ഉള്ളതായി സ്‌ഥിരീകരിക്കപ്പെട്ടത്. 3 മുതൽ 15 വരെ വയസുള്ള കുട്ടികളിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.
വടക്കുകിഴക്കൻ അർജന്റീനയിലെ പരാന എന്ന പട്ടണത്തിലാണ് കാൻഡെലയുടെ കുടുംബം. അവിടെത്തന്നെയുള്ള ശിശുരോഗാശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചു. 2011 മാർച്ചിലായിരുന്നു അത്. ഫലപ്രാപ്തിയില്ലാത്ത തരം അപസ്മാര അവസ്‌ഥ അവളെ പിടിപെട്ടിരുന്നു. ആശുപത്രിയിൽ അവളെ തെറാപ്പിക്ക് വിധേയമാക്കി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാൻഡെല ഒരു റെസ്പിറേറ്ററിൽ കോമയിലായി. ഹൃദയാഘാതത്തിന്റേതായ അവസ്‌ഥ അവളിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ വിവിധ തരം ആന്റികൺവൾസന്റുകൾ പരീക്ഷിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. നാഡീകോശങ്ങളിലൂടെ നാഡി പ്രേരണകൾ സഞ്ചരിക്കുന്ന രീതി സാധാരണ നിലയിലാക്കാൻ സഹായിക്കുന്നതാണ് ആന്റികൺവൾസന്റുകൾ.
അപസ്മാരം ബാധിച്ചപ്പോഴും കൈകാലുകൾ നേരെയാക്കാൻ നിരവധി മരുന്നുകളും പ്രതിവിധികളും പരീക്ഷിച്ചതിനാൽ കാൻഡെലയ്ക്ക് ട്യൂബ് ഘടിപ്പിക്കേണ്ടി വന്നു. ആ വര്ഷം മേയിൽ അവിടെനിന്നും ആംബുലൻസിൽ 300 മൈൽ അകലെ ബ്യൂണസ് അയേഴ്സിലെ ഫാവലോറോ ഫൗണ്ടേഷൻ ഗവേഷണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അവളെ മാറ്റി. അവിടെ എത്തിയപ്പോൾ അവളുടെ അവസ്‌ഥ മെച്ചപ്പെടുന്നതിനു പകരം തീരെ മോശമാകുകയായിരുന്നു. ആയുസ്സ് കുറവാണെന്ന് വരെ ചിന്തയായി. ഡോക്ടർമാരും മറ്റും മകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആ അമ്മയോട് നിർദേശിച്ചു. അവൾ ഭവനത്തിൽ മരണപ്പെടട്ടെ എന്നതായിരുന്നു അപ്പോഴത്തെ അവസ്‌ഥ.
പക്ഷെ ഫാ. ഡാബസ്തിക്കൊപ്പം ജോൺ പോൾ ഒന്നാമന്റെ മദ്ധ്യസ്ഥതയ്ക്കായി പ്രാർത്ഥിച്ച ശേഷം, കാൻഡെലയുടെ ആരോഗ്യസ്‌ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.
1978 ൽ മരിക്കുന്നതിനുമുമ്പ് 33 ദിവസം മാത്രം പരിശുദ്ധ സഭയുടെ തലവനായി സേവനമനുഷ്ഠിച്ചിരുന്ന ഇറ്റാലിയൻ പാപ്പായെക്കുറിച്ചു റോക്‌സാനയ്ക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. എന്നാൽ ആ രാത്രിയിൽ വൈദികൻ മടികൂടാതെ അദ്ദേഹത്തോട് പ്രാർഥിക്കാൻ നിർദേശിച്ചത് ഒരു നിയോഗമായി കരുതുന്നു എന്ന് റോക്‌സാന പറയുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സിംഗ് ജീവനക്കാരും പൂർവ പാപ്പയുടെ മധ്യസ്ഥതയ്ക്കായി അവരുടെ പ്രാർത്ഥനയിൽ ഒപ്പം പങ്കെടുത്തു.
2011 ജൂലൈ 23 ന്, അപ്രതീക്ഷിതമായി, സെപ്റ്റിക് ഷോക്കിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടായി. തുടർന്നുണ്ടായ മാറ്റങ്ങൾ രക്തയോട്ടവും ശ്വസന സ്ഥിരതയും കൈവരിക്കുവാൻ കാരണമായി. രണ്ടാഴ്ചയ്ക്ക് ശേഷം കാൻഡെലയുടെ ശരീരത്തിലെ ട്യൂബുകൾ മാറ്റപ്പെട്ടു. ഓഗസ്റ്റ് 25നു അവളുടെ ശാരീരിക ചലനങ്ങൾ സാധാരണ നിലയിലേക്ക് വന്നു. സെപ്റ്റംബർ അഞ്ചിന് കാൻഡെല ആശുപത്രി വിട്ടു.
ആശുപത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഫാ. ഡാബസ്തി വത്തിക്കാനിൽ അറിയിക്കുകയും കാൻഡെലയുടെ ആരോഗ്യത്തിലും ജീവിതത്തിലും ഉണ്ടായ പുരോഗതികളെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
2011 ൽ ബ്യൂണസ് അയേഴ്സിൽ അത്ഭുതം നടന്ന സമയത്ത് ആർച്ച്ബിഷപ്പായിരുന്നത് ഇന്നത്തെ കത്തോലിക്കാ സഭാ തലവനായ ഫ്രാൻസിസ് പാപ്പയാണ്. കാൻഡെലയുടെ രോഗശാന്തിയുമായി ബന്ധപ്പെട്ട സഭാനടപടികൾ പൂർത്തിയായതോടെ ജോൺ പോൾ ഒന്നാമന്റെ മധ്യസ്‌ഥതയിൽ നടന്ന അത്ഭുതമായി ഈ സംഭവത്തെ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചു.നിർദേശിച്ചു. 2021 ഒക്ടോബർ 13നായിരുന്നു പാപ്പയുടെ പ്രഖ്യാപനം. ഹ്രസ്വകാലത്തേക്ക് സഭയ്ക്ക് വിശ്വാസ് വെളിച്ചം പകർന്ന ധൂമകേതു എന്ന് വിശേഷിപ്പിക്കപ്പെട്ട ജോൺ പോൾ ഒന്നാമൻ പാപ്പയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസലോകം.