തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി പുലിമുട്ട്, കടൽ നികത്തൽ എന്നിവ കാരണം കടലിനും, കടലാവാസ വ്യവസ്ഥയ്ക്കും, തീരത്തിനും, തീരവാസികൾക്കും ഉണ്ടാകുന്ന ആഘാതം പഠിക്കാൻ സമരസമിതി നിയോഗിച്ച ജനകീയ കമ്മിഷൻ പദ്ധതി പ്രദേശവും സമീപ പ്രദേശങ്ങളും സന്ദർശിച്ച് വിവരശേഖരണം നടത്തി. വാണിജ്യ തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണം, തീരപോഷണം, കടലാവസ വ്യവസ്ഥയിൽവരുന്ന മാറ്റം, മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവ്, തൊഴിൽ നഷ്ടം കാരണം തീരവാസികളുടെ സാമൂഹിക, സാമ്പത്തിക തകർച്ച തുടങ്ങിയവയാണ് പഠന വിഷയം. പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായി സമിതി സംവദിച്ചു.
മത്സ്യത്തൊഴിലാളികൾക്കൊപ്പം വിഴിഞ്ഞം ഇടവക വികാരി മോൺ. ഡോ. നിക്കോളാസ്, കൗൺസിലർ പനിയടിമ ജോൺ, ഇടവക കൗൺസിൽ അംഗങ്ങൾ എന്നിവരുമായും സമിതി ചർച്ച നടത്തി. വലിയ കടപ്പുറം പഴയ വാർഫ് ഫാൻഡ് പ്രദേശം, കോവളം തീരം എന്നിവിടങ്ങളിൽ ആദ്യദിനം സമിതി സന്ദർശനം നടത്തി.
രണ്ടാം ദിനം പൂന്തുറ, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട് പ്രദേശങ്ങളിലെ ആഘാത മേഖലകൾ സന്ദർശിച്ച് തോപ്പ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ദുരിതമനുഭവിക്കുന്നവരുമായി സംവദിച്ച് സമിതി വിവരശേഖരണം നടത്തി. മത്സ്യമേഖല ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജൻ ജോസ്, പൂന്തുറ ഇടവക വികാരി ഫാ. ഡാർവിൻ പീറ്റർ, സഹവികാരിമാർ, വലിയതുറ ഫെറോന വികാരി ഫാ. ഹൈസന്ത് എം. നായകം, വലിയതുറ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, ചെറിയതുറ ഇടവക വികാരി ഫാ. സന്തോഷ് കുമാർ, സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്, കെ. എൽ. സി. എ, എൽ. സി. ഡബ്ലിയു. എ പ്രവർത്തകർ എന്നിവർ സമിതിയോടൊപ്പം സന്ദർശനത്തിൽ പങ്കുചേർന്നു.
മൂന്നാം ദിനം പൊഴിയൂർ മുതൽ അടിമലത്തുറവരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് അവിടെയുണ്ടാകുന്ന തീരശോഷണം, തീരപോഷണം എന്നിവയെ സംബന്ധിച്ചും ഒപ്പം മത്സ്യലഭ്യതയിലുണ്ടാകുന്ന കുറവിനെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. കരുംകുളം കമ്യൂണിറ്റി ഹാളിൽ വച്ച് സമിതി തീരദേശവാസികളുടെ പരാതികൾ സ്വീകരിച്ചു. പ്രദേശത്ത് വരുന്ന കപ്പൽചാൽമൂലം മത്സ്യബന്ധനത്തിനുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.
വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തിൽ നേരത്തെയുണ്ടായിരുന്ന 12 മീറ്റർ ആഴം 7 മീറ്ററായി കുറഞ്ഞതായി അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. സീസൺ കാലത്ത് ലഭിക്കാറുള്ള കൊഞ്ച്, കണവ തുടങ്ങിയ മത്സ്യ ഇനങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. പദ്ധതിയുടെ ഭാഗമായി നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ അപ്രായോഗ്യവും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ ദേശീയ എർത്ത് സയൻസ് സ്റ്റഡീസ് ശാസ്ത്രജ്ഞൻ ഡോ:കെ.വി.തോമസ് അധ്യക്ഷനായ സമിതിയിൽ ഡോ. ജോൺ കുരിയൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി. താര, സരിത ഫെർണാണ്ടസ്, പാബീർ ബാനർജി എന്നിവരടങ്ങുന്ന കമ്മിഷൻ അംഗങ്ങൾക്ക് സന്ദർശനം നടത്തിയ ഇടങ്ങളിലെ പാരിഷ് കൗൺസിൽ അംഗങ്ങളും ശ്രീ. ജോൺസൺ ജെമെന്റും പഠനത്തിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി.