വത്തിക്കാൻ: വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ച ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ആധുനിക യുഗത്തിൽ കുടുംബങ്ങളുടെ പ്രാധാന്യത്തെയും കടമകളെയുംക്കുറിച്ച് പാപ്പ ഓർമ്മപ്പെടുത്തി. കുടുംബത്തെ പിന്തുണയ്ക്കാനും, പ്രോത്സാഹിപ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനും നമുക്കേവർക്കും കടമയുണ്ടെന്നു പാപ്പ പറഞ്ഞു.
1980 ലെ കുടുംബത്തെക്കുറിച്ചുള്ള സിനഡിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രവചനാത്മക ദർശനത്തിൽ വിവാഹത്തിന്റെയും, കുടുംബജീവിതത്തിന്റെയും പ്രാധാന്യത്തെ അടിവരയിടുന്നതിനും, ഇവയുടെ അജപാലനശുശ്രൂഷയിൽ പരിശീലനം നല്കുന്നതിനുമായി സ്ഥാപിച്ചതാണ് ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ദൈവശാസ്ത്ര സ്ഥാപനം.
ലോകത്തിലേക്ക് പുതിയ ജീവൻ കൊണ്ടുവരുന്നതിന്റെ സന്തോഷം, കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സ്ത്രീകളെ വാത്സല്യത്തോടെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തിയ പാപ്പാ, മനുഷ്യജീവനുകളെ എല്ലായ്പ്പോഴും ബഹുമാനത്തോടും കരുതലോടും നന്ദിയോടും കൂടി സ്വാഗതം ചെയ്യണമെന്നും, മാതൃത്വത്തെ അതിന്റെ പൂർണ്ണ അന്തസ്സിൽ അംഗീകരിക്കുവാൻ ഭരണകൂടങ്ങൾ തയ്യാറാവണമെന്നും പാപ്പാ ആവശ്യപ്പെട്ടു.