വത്തിക്കാൻ: ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർ സെപ്റ്റംബർ 1- ഒക്ടോബർ 4 വരെ “സൃഷ്ടിയുടെ കാലം” ആചരിക്കുന്ന വേളയിൽ, സെപ്റ്റംബർ മാസത്തേയ്ക്ക് സ്പാനിഷ്ഭാഷയിൽ നല്കിയ വീഡിയൊ പ്രാർത്ഥനാ നിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പാ ഭൂമിയുടെ രോദനം ശ്രവിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിച്ചുകൊണ്ട് ഈ ആഹ്വാനം നല്കിയിരിക്കുന്നത്.
നാം ഗ്രഹത്തിൻറെ ഉഷ്മാവ് അളക്കുകയാണെങ്കിൽ ഭൂമി ജ്വരബാധിതയാണെന്ന് അത് കാണിച്ചുതരുമെന്നും ഭൂമി മറ്റേതൊരു രോഗിയെയും പോലെ രോഗഗ്രസ്തയാണെന്നും പാപ്പാ പ്രാർത്ഥനാ നിയോഗത്തിൽ പറയുന്നു. എന്നാൽ ഈ വേദന നാം ശ്രവിക്കുന്നുണ്ടോ? പ്രകൃതിദുരന്തങ്ങൾക്കിരകളായ ദശലക്ഷക്കണക്കിനാളുകളുടെ നൊമ്പരം നാം കേൾക്കുന്നുണ്ടോ? എന്ന് ചോദിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടരുന്നു:ഈ ദുരന്തങ്ങളുടെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാവപ്പെട്ടവരാണ്, വെള്ളപ്പൊക്കമോ ഉഷ്ണതരംഗമോ വരൾച്ചയോ കാരണം വീടുവിട്ടിറങ്ങാൻ നിർബന്ധിതരായവരാണ്.
കാലാവസ്ഥാ പ്രതിസന്ധി, മലിനീകരണം അല്ലെങ്കിൽ, ജൈവവൈവിധ്യനാശം തുടങ്ങിയ മനുഷ്യജന്യ പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടുന്നതിന് പാരിസ്ഥിതികം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതികരണങ്ങൾ ആവശ്യമാണ്. നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ശീലങ്ങൾ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനും പ്രകൃതി സംരക്ഷണത്തിനും എതിരായ പോരാട്ടത്തിൽ നാം പ്രതിജ്ഞാബദ്ധരാകണം.
നാം അധിവസിക്കുന്ന ലോകത്തെ സംരക്ഷിക്കാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധരായിക്കൊണ്ട് നമുക്ക് എല്ലാവർക്കും ഭൂമിയുടെ രോദനവും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഇരകളുടെ നിലവിളിയും നമ്മുടെ ഹൃദയംകൊണ്ട് ശ്രവിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ വീഡിയൊ വഴി നല്കിയിരിക്കുന്ന തൻറെ പ്രാർത്ഥനാനിയോഗത്തിൻറെ അവാസാനം എല്ലാവരെയും ക്ഷണിക്കുന്നു.