വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ എന്നതാണ് ജൂബിലി വര്‍ഷത്തിലെ സമാധാനദിന പ്രമേയം. വ്യക്തിപരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ സംഭവിക്കുന്ന മാനസാന്തരത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം എല്ലായിടത്തും വ്യാപിക്കുകയുള്ളൂവെന്ന് പ്രമേയം പുറത്തിറക്കികൊണ്ടുള്ള കുറിപ്പില്‍ സമഗ്രവികസനത്തിനായള്ള ഡിക്കാസ്ട്രി വ്യക്തമാക്കി.
സമാധാനം എന്നത് കേവലം സംഘര്‍ഷങ്ങളുടെ അവസാനം മാത്രമല്ല, മുറിവുകള്‍ സൗഖ്യമാവുകയും എല്ലാരുടെയും അന്തസ് മാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ കൂടിയാണെന്ന് ഡിക്കസ്ട്രിയുടെ കുറിപ്പില്‍ പറയുന്നു. ജൂബിലി മുമ്പോട്ടുവയ്ക്കുന്ന പ്രത്യാശയുടെയും ക്ഷമയുടെയും സന്ദേശങ്ങളെ ആസ്പദമാക്കിയാണ് പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നതെന്നും മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളായ ലൗദാത്തോ സീയും ഫ്രത്തെല്ലി തൂത്തിയും പ്രമേയത്തിന് പ്രചോദനമായതായും ഡിക്കാസ്ട്രി വ്യക്തമാക്കി