യു.എസ്.എ.: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ജീസസ് തേസ്റ്റ്സ്: ദ മിറക്കിള്‍ ഓഫ് ദ യൂക്കാരിസ്റ്റ്’ എന്ന ചിത്രം ഹിറ്റിലേക്ക്. 2024ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഡോക്യുമെന്ററിയും അതോടൊപ്പം 2024-ല്‍ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെന്ററികളിലും രണ്ടാം സ്ഥാനത്തുമാണ് ഈ ഡോക്യുമെന്ററി. പ്രശസ്തരായ ബൈബിള്‍ പണ്ഡിതര്‍ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പര്‍ശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച “ജീസസ് തേസ്റ്റ്സ് ദ മിറാക്കിൾ ഓഫ് ദ യൂക്കറിസ്റ്റ്” വ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങി നിർമാതാക്കളായ ഫാത്തം ഇവൻ്റ്.
പലരെയും യേശുക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സ്റ്റീവ് ഗ്രെക്കോ പറഞ്ഞു. ലോക പ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശു ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുകയുണ്ടായി. ടെക്സാസിലെ ബ്യൂമോണ്ടിലെ ബിഷപ്പായ ഡേവിഡ് എൽ ടൂപ്സും ചിത്രത്തെ പ്രശംസിച്ചിരുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ അതിൻ്റെ അഗാധമായ സന്ദേശവും സ്വാധീനവും അനുഭവിക്കാൻ പ്രോത്സാഹിപ്പിച്ചെന്നാണ് ബിഷപ്പ് പറഞ്ഞത്.