വത്തിക്കാന്‍ സിറ്റി: മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു. നൂറോളം രാജ്യങ്ങളിൽനിന്നുള്ള മുപ്പതിനായിരത്തിലധികം തീർത്ഥാടകരാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി. വിവിധ തീർത്ഥാടനകേന്ദ്രങ്ങളുടെ പ്രതിനിധികൾ, അദ്ധ്യാത്മികസമൂഹങ്ങൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാർത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും, മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി അവസരത്തിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അത് ഈ ദിവസങ്ങളിൽ റോമിലെത്തിച്ചിരിക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഇന്നലെ (ഒക്ടോബർ 11) ശനിയാഴ്ച രാവിലെ 9 മണിക്ക് റോമിൽ ത്രസ്പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഫാത്തിമ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. കാർലോസ് കബെസിനാസ് വിശുദ്ധ ബലിയർപ്പിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് തിരുസ്വരൂപം എത്തിച്ചു. വിശുദ്ധ പത്രോസ്-പൗലോസ് എന്നിവരുടെ പേരിലുള്ള അസോസിയേഷൻ അംഗങ്ങളാണ് രൂപം വഹിച്ചത്.

ചത്വരത്തിന് പുറത്തുനിന്ന് വത്തിക്കാനിലെ പൊന്തിഫിക്കൽ ഗാർഡ്, ജെന്താർമെറിയ എന്നിവരുടെ അകമ്പടിയോടെ ബസിലിക്കയ്ക്ക് മുന്നിലെത്തിക്കുന്നതിനിടെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ ഇടത്തും തിരുസ്വരൂപം എത്തിച്ചിരുന്നു. റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം ആറുമണിക്ക് ചത്വരത്തിൽ ജപമാല പ്രാർത്ഥന നടന്നു. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിക്കൊണ്ട് ഇത്തരമൊരു പ്രാർത്ഥന നടത്താൻ ലെയോ പതിനാലാമൻ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ചായിരിന്നു ഇത്. പ്രാർത്ഥനയ്ക്ക് മുൻപായി പാപ്പ ഫാത്തിമ മാതാവിന് മുന്നിൽ സ്വര്‍ണ്ണം റോസാപുഷ്പം സമർപ്പിച്ചു.

ഓരോ ജപമാല രഹസ്യത്തോടനുബന്ധിച്ച്, 1962 ഒക്ടോബർ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി, കൗൺസിൽ രേഖയായ ലുമെൻ ജെൻസ്യത്തില്‍ ക്രിസ്തു, സഭാ രഹസ്യങ്ങളിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച് പറയുന്ന ഭാഗത്തുനിന്നുള്ള വായനയുണ്ടായിരുന്നു. തുടർന്ന്, സമാധാനത്തിനായി ദിവ്യകാരുണ്യ ആരാധനയും ഒരുക്കിയിരുന്നു. ചടങ്ങുകളിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു.ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10.30-ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്) വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടന്നു.