വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി രണ്ടുനാള്‍. സെപ്റ്റംബർ ഏഴാം തീയതി ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.
സുവിശേഷത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട രണ്ട് യുവ ക്രിസ്തുസാക്ഷികളോടുള്ള അനുസ്മരണാര്‍ഥം വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ പോസ്റ്റൽ ആൻഡ് ഫിലാറ്റലിക് സർവീസ്, ഇറ്റലിയിലെ സാൻ മറിനോ റിപ്പബ്ലിക്, മാൾട്ടയിലെ സോവറിൻ മിലിട്ടറി ഓർഡർ എന്നിവയുടെ സഹകരണത്തോടെ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഒരു സ്റ്റാമ്പിൽ ഫ്രസ്സാത്തി കുടുംബത്തിലെ അംഗമായ ആൽബെർട്ടോ ഫാൽചെറ്റി എന്ന കലാകാരൻ വരച്ച പിയർ ജോർജിയോ ഫ്രസ്സാത്തിയുടെ ഛായാചിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.

