ഫാത്തിമ: 1917-ല്‍ ഫാത്തിമയിലെ മൂന്ന് ഇടയ കുട്ടികള്‍ക്ക് ദൈവമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 108-ാം വാര്‍ഷികം അനുസ്മരിക്കാന്‍ മേയ് 13-ന് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ എത്തിയത് ഏകദേശം അഞ്ച് ലക്ഷം വിശ്വാസികള്‍. തിരുനാള്‍ദിനത്തില്‍ ലോകസമാധാനത്തിന് വേണ്ടിയും ലിയോ പതിനാലാമന്‍ പാപ്പായുടെ പൊന്തിഫിക്കേറ്റ് ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സമാപന ദിവ്യബലിയുടെ അവസാനം, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ ലെയ്റിയ-ഫാത്തിമയിലെ ബിഷപ് ജോസ് ഒര്‍നെലാസാണ് പാപ്പായെ മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്.
ഫാത്തിമയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലോകസമാധാനത്തിനായി നിലകൊള്ളാന്‍ പാപ്പക്ക് ആര്‍ദ്രത, വിവേചനാശക്തി, ധൈര്യം, പ്രാപ്തി എന്നിവ നല്‍കണമെന്ന് ബിഷപ് ദൈവമാതാവിനോട് പ്രാര്‍ത്ഥിച്ചു. ഇടയ്ക്കിടെ പെയ്ത മഴയെ അവഗണിച്ച് ലക്ഷങ്ങള്‍ മെയ് 12 ന് വൈകുന്നേരം നടന്ന പരമ്പരാഗത മെഴുകുതിരി ഘോഷയാത്രയില്‍ പങ്കെടുത്തപ്പോള്‍ ഫാത്തിമ ദൈവാലയങ്കണം പ്രകാശക്കടലായി മാറി. രണ്ട് കര്‍ദിനാള്‍മാരും 27 ബിഷപ്പുമാരും 282 പുരോഹിതരും 14 ഡീക്കന്മാരും സമാപന ദിവ്യബലിയില്‍ പങ്കെടുത്തു.