വത്തിക്കാന്‍ സിറ്റി: കുട്ടികളെക്കുറിച്ച് അപ്പസ്‌തോലിക ലേഖനം എഴുതുമെന്ന പ്രഖ്യാപനവുമായി ഫാന്‍സിസ് പാപ്പ. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ആദ്യ ഉച്ചകോടിയുടെ സമാപനത്തിലാണ് കുട്ടികളോടുള്ള തന്റെ പ്രതിബദ്ധത സഭയിലെങ്ങും വ്യാപിപ്പിക്കുന്നതിനായി കുട്ടികളെ പ്രമേയമാക്കി ഒരു അപ്പസ്‌തോലിക ലേഖനം എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പാപ്പ വ്യക്തമാക്കിയത്. നീണ്ട കരഘോഷത്തോടെയാണ് പാപ്പയുടെ പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്.
‘അവരെ സ്‌നേഹിക്കുക, അവരെ സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി ആദ്യവാരം നടന്ന ഉച്ചകോടിയില്‍ വിഭവങ്ങള്‍, വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബം, ഒഴിവു സമയം, അക്രമങ്ങളില്‍ നിന്ന് മുക്തമായ ജീവിതം തുടങ്ങിയ കാര്യങ്ങള്‍ക്കായുള്ള കുട്ടികളുടെ അവകാശത്തെക്കുറിച്ച് വിവിധ പാനലുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്തു. രണ്ട് ദിനങ്ങളിലായി നടന്ന ഉച്ചകോടിയുടെ ആദ്യദിനം പാപ്പ ഉച്ചകോടിയില്‍ പൂര്‍ണമായി പങ്കുചേര്‍ന്നു. യുദ്ധമേഖലയിലും സമൂഹത്തിന്റെ അരികുകളിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും മാതാപിതാക്കള്‍ കൂടെയില്ലാത്ത സാഹചര്യത്തിലും കഴിയുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പാപ്പ ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
നിര്‍ഭാഗ്യവശാല്‍ ഇന്ന് കുട്ടികള്‍ പലപ്പോഴും മുറിവേല്‍ക്കുകയും ചൂഷണം ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്നും നമ്മള്‍ എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നറിയാന്‍ കുട്ടികള്‍ നമ്മെ നോക്കുന്നുണ്ടെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ദ്വിദിന ഉച്ചകോടിയില്‍ ജോര്‍ദാനിലെ റാണിയ അല്‍ അബ്ദുള്ള രാജ്ഞി, മുന്‍ യുഎസ് വൈസ് പ്രസിഡന്റ് അല്‍ഗോര്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി തുടങ്ങിയവര്‍ പങ്കെടുത്തു.