റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലാണ് വിശുദ്ധവാതിൽ ഫ്രാൻസീസ് പാപ്പാ തുറന്നിരിക്കുന്നത്.
റോം: സഭയിൽ നൂറ്റാണ്ടുകൾ തുടർന്നുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ആദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കപ്പെട്ടു. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ, ഡിസംബർ 26-നാണ് ഫ്രാൻസീസിസ് പാപ്പാ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്.വിശുദ്ധവാതിൽ തുറന്നതിൻറെ പൊരുൾ, പ്രതീകാത്മകത വിശദീകരിച്ച പാപ്പാ ഹൃദയം തുറക്കുക എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും അതാണ് സാഹോദര്യം ഉളവാക്കുന്നതെന്നും പറഞ്ഞു. അടഞ്ഞ കഠിന ഹൃദയങ്ങൾ ജീവിതത്തിന് സഹായകിമല്ലെന്നു പ്രസ്താവിച്ച പാപ്പാ ആകയാൽ, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്കു ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു.
മോശമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്, എല്ലാം കഴിഞ്ഞെന്നു വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ലെന്നും എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രത്യാശയെ നങ്കൂരത്തോടു ഉപമിക്കാൻ താനിഷ്ടപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ നമ്മുടെ പ്രത്യാശ ഭൂമിയിലെ നങ്കൂരം പോലെയാണെന്നും നങ്കൂരത്തിൻറെ കയറിലായിരിക്കണം നമ്മുടെ കൈപിടിക്കേണ്ടതെന്നും പറഞ്ഞു. മറ്റൊന്ന് നമ്മുടെ ഹൃദയത്തിൻറെ വാതിൽ എപ്പോഴും മലർക്കെ തുറന്നിടലാണെന്നനുസ്മരിച്ച പാപ്പാ പ്രത്യാശയെ മുറുകെപിടിക്കണമെന്ന് ഓർമ്മിപ്പിച്ചു.
ഡിസംബർ 24-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നതോടെയാണ് ജൂബിലിവത്സരത്തിന് തുടക്കമായത്. ഇനി റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ, അതായത്, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1-നും റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ ജനുവരി 5-നും ആയിരിക്കും തുറക്കപ്പെടുക.