വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം ‘ദിലെക്സിത്ത് നോസ്’ അഥവാ “അവൻ നമ്മെ സ്നേഹിച്ചു” പുറത്തിറക്കി. ഇന്നലെ ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ, തന്റെ നാലാമത് ചാക്രികലേഖനത്തില്‍ സ്നേഹത്താൽ മുറിവേൽപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചാണ് പ്രധാനമായും പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്.
ക്രിസ്തുവാണ് ആദ്യം നമ്മെ സ്നേഹിച്ചതെന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ തിരുഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും, തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുകയാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പ ഓർമ്മിപ്പിക്കുന്നു. ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും, വിശ്വാസത്തിന്റെ ആർദ്രതയും, ശുശ്രൂഷയുടെ ആനന്ദവും, മിഷ്ണറി തീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ ആഗോള സഭയെ ക്ഷണിക്കുന്നു.