പോങ്ങുംമൂട്: എല്ലാ ഇടവകകളിലും കരിയർ ഗൈഡൻസ് സെൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അതിരൂപതയിൽ സുപ്രധാന ചുവട് വയ്പ്പ് നടത്തി പേട്ട ഫെറോന. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള മികച്ച അവസരമൊരുക്കിയ ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ പേട്ട ഫെറോനയിലെ പോങ്ങുമൂട്, പേട്ട ഇടവകകളിലായി നടന്നു.
ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ പോങ്ങുംമൂട് ഇടവക ഹാളിൽ നടന്ന എക്സ്പോ ഫെറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. ഡോ. സാംസൺ സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തിൽ ശ്രീ. എസ്. ജോസഫ്, ഡോ. ഇരുദയരാജൻ, ഫെറോന ആനിമേറ്റർ ശ്രീമതി ശോഭ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളായ കുമാരി മെറിൻ ജോൺസൺ, കുമാരി മേരി കാതറിൻ എന്നിവർ തങ്ങളുടെ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പടുകളെ പങ്കുവച്ചു. ഉച്ചയ്ക്ക് പേട്ട ഇടവകയിൽ നടന്ന എക്സ്പോ ഇടവക വികാരി ഫാ. ഡേവിഡസൻ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ഡേവിഡ്സൻ ജസ്റ്റസ്, ശ്രീ. അർക്കാഞ്ചലോ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഷാരോൺ, ആൻ ദീപക് എന്നീ വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പടുകൾ പങ്കുവച്ചു.
ഇന്ത്യയിലെ 15 യൂണിവേഴ്സിറ്റികളിൽ നിന്നും വന്ന പ്രതിനിധികൾ വിദ്യാർത്ഥികളുമായും അവരുടെ മാതാപിതാക്കളുമായും സംവദിച്ചു. 500 ലധികം വിദ്യാർത്ഥികൾ ഈ എക്സ്പ്പോയിൽ കടന്നുവരുകയും തങ്ങളുടെ ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ചുള്ള അറിവ് നേടുകയും ചെയ്തു. പേട്ട ഫെറോന വിദ്യാഭ്യാസ ശുശ്രൂഷയും അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയും സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. വളരെ മികച്ചതും മാതൃകപരമായും നടന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി എക്സ്പോ വരുംദിനങ്ങളിൽ അതിരൂപതയിലെ മറ്റ് ഫെറോനകളിലും നടത്തനൊരുങ്ങുകയാണ് വിദ്യാഭ്യാസ ശൂശ്രൂഷ.