ഇംഫാൽ: മണിപ്പൂരിൽ സമാധാനശ്രമങ്ങൾ മുന്നോട്ട് പോവുകയാണെന്നും, എന്നാൽ സമാധാനസ്ഥാപനത്തിനായി ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും മണിപ്പൂർ തലസ്ഥാനമായ ഇംഫാൽ അതിരൂപതാധ്യക്ഷൻ, ആർച്ച്ബിഷപ് ലിനസ് നെലി. ബാംഗളൂരിൽ ഇന്ത്യൻ മെത്രാൻ സമിതിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് പരാമർശിച്ചത്.
മണിപ്പൂർ ജനതയ്ക്ക് ആധ്യാത്മികമായും, ഭൗതികമായും സഹായങ്ങൾ എത്തിച്ച ഇന്ത്യയിലെ വിവിധ കത്തോലിക്കാസഭാസമൂഹങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും ആർച്ച്ബിഷപ് നെലി നന്ദി പറഞ്ഞു. മണിപ്പൂരിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ക്രൈസ്തവരാണ്. മണിപ്പൂരിലെ കുക്കി, മെയ്തെയി സമൂഹങ്ങൾക്കിടയിലെ വർഗ്ഗീയസംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ച ഇൻഫാൽ അതിരൂപതാധ്യക്ഷൻ, അവിടുത്തെ കത്തോലിക്കാസമൂഹങ്ങൾ നടത്തുന്ന സംരക്ഷണശ്രമങ്ങളും, പുനരധിവാസനടപടികളും മെത്രാൻസമിതിയോട് വിശദീകരിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം മണിപ്പൂരിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടെന്നും, നിരവധി വീടുകളും, കച്ചവടസ്ഥാപനങ്ങളും, ആരാധനാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയിൽ ഏതാണ്ട് മുന്നൂറോളം ദേവാലയങ്ങളുമുണ്ട്. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ഏതാണ്ട് അറുപതിനായിരത്തോളം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കുക്കി, നാഗ, മെയ്‌തേയ് വംശജരുടെ തുല്യപ്രാധാന്യമുള്ള ഒരു കമ്മീഷൻ രൂപീകരിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. സമൂഹത്തിലെ 51 ശതമാനം വരുന്ന മെയ്‌തേയ് വിഭാഗത്തിന് ഗോത്രവംശമെന്ന അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശമാണ് നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം. സംഘർഷങ്ങൾ ആരംഭിച്ച് ഒൻപത് മാസങ്ങൾ കഴിയുമ്പോൾ, നിലവിൽ ഇരുസംഘങ്ങളും വേർതിരിഞ്ഞ് നിൽക്കുകയാണ്.