അഞ്ചുതെങ്ങ്: അതിരൂപതയിൽ ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽനടന്നുവരുന്ന കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷൻ) അഞ്ചുതെങ്ങ് ഇടവകയിൽ സമാപിച്ചു. നവംബർ 12 ഞായറാഴ്ച തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ഹോം മിഷൻ അഞ്ചുതെങ്ങ് ഇടവകയിൽ പൂർത്തിയായത്.
ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തങ്ങളെ കേൾക്കാൻ ആരുമില്ല എന്നതാണ്. ക്രൈസ്തവ ദർശനമനുസരിച്ച് ഒരാളെ ശ്രവിക്കുകയെന്നാൽ അയാൾക്ക് സൗഖ്യം നൽകുകയത്രേ. ഹോം മിഷൻ പ്രവർത്തനത്തിൽ സന്യസ്തർ നിർവ്വഹിക്കുന്നത് ക്രിസ്തു കാണിച്ചുതന്ന ഈ മാതൃകായാണെന്ന് സമാപന സന്ദേശത്തിൽ മെത്രാപ്പോലീത്ത പറഞ്ഞു.
ആഗസ്റ്റ് മാസം 19-മാം തിയതിയാണ് പല മുന്നൊരുക്കങ്ങൾക്കുശേഷം അഞ്ചുതെങ്ങ് ഇടവകയിൽ ഹോം മിഷൻ ആരംഭിക്കുന്നത്. ആഗസ്റ്റ് 21 മുതൽ സെപ്തംബർ 2 വരെ ഹോം മിഷന്റെ ആദ്യഘട്ടം പൂർത്തിയാക്കി. രണ്ടാം ഘട്ടം സെപ്തംബർ മൂന്നിന് സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയോടെ തുടങ്ങി. 55 ദിവസങ്ങളെടുത്താണ് ഹോം മിഷൻ ടീം അഞ്ചുതെങ്ങ് ഇടവകയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് കുടുംബങ്ങളെ ശ്രവിക്കുന്ന പ്രവർത്തനം പൂർത്തിയാക്കിയത്. സന്ദർശനം നടത്തിയ ഭവനങ്ങളിലെ അംഗങ്ങളുമൊത്ത് എല്ലാ ദിവസവും ദൈവാലയത്തിൽ ദിവ്യകാരുണ്യാ ആരാധനയ്ക്ക് ടീം അംഗങ്ങൾ നേതൃത്വം നല്കി. ഈ സമയം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയത് നിരവധിപേർക്ക് അനുരഞ്ജനത്തിനുള്ള വഴിതുറന്നു. ഓരോ ദിവസവും സന്ദർശനത്തിൽ ലഭ്യമായ കണ്ടെത്തലുകൾ വിവിധ ഫെറോന ഭാരവാഹികൾ, അതിരൂപത ശുശ്രൂഷ ഡയറക്ടേഴ്സ് തുടങ്ങിയവരുമായി പങ്കുവയ്ക്കുകയും ചെയ്തു. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ നിരന്തമായ ഇടപെടലുകളും നിർദ്ദേശങ്ങളും ടീമംഗങ്ങൾക്ക് ലഭിച്ചിരുന്നു.
2023 നവംബർ 7-ന് ഹോം മിഷനിലൂടെ ലഭിച്ച കണ്ടെത്തലുകൾ ബി.സി.സി, അജപാലനം, വിദ്യാഭ്യാസം, സാമൂഹികം, കുടുംബം, മത്സ്യമേഖല, യുവജനം, അൽമായം എന്നീ ശുശ്രൂഷാ ക്രമത്തിലുള്ള റിപ്പോർട്ട് ഇടവക വികാരിക്ക് സമർപ്പിച്ചു. തുടർന്ന് ഇടവക വികാരി ഇടവക കൗൺസിൽ വിളിച്ചുകൂട്ടി റിപ്പോർട്ടിൽ കാണിച്ചിട്ടുള്ള നിർദ്ദേങ്ങൾ അവതരിപ്പിച്ചു. ഹോം മിഷന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ഇടവക നേതൃത്വവും ഇടവക കൗൺസിലുമാണ് നിർവ്വഹിക്കേണ്ടത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഇടവകയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, കുടുംബ മേഖലകളിൽ വളർച്ച കൈവരിക്കാൻ സാധിക്കും.