തിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ പേപ്പർ ശൃംഖല ചിത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി വിമിൻ എം. വിൻസെന്റ്. തിരുവനന്തപുരം അതിരൂപതയിൽ കോവളം വവ്വാമൂല സ്വദേശിയും പെരിങ്ങമല ഇടവകാംഗവുമാണ് വിമിൻ. 266 പാപ്പമാരുടെ ചിത്രങ്ങൾ കാലക്രമത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച ശേഷം പാപ്പമാരെപ്പറ്റിയുള്ള ലഘു വിവരങ്ങളും എഴുതി ചേർത്തിട്ടുണ്ട്. മലയാള ഭാഷയിലാണ് വിവരങ്ങൾ ചിത്രത്തിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 956.20 മീറ്റർ ദൈർഘ്യത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വിമിന്റെ കലാസൃഷ്ടി. കോവളം ഫെറോനാ കേരള ലാറ്റിൻ കാതലിക് യൂത്ത് മൂവ്മെന്റ്(കെ. സി. വൈ. എം.) പ്രസിഡന്റുകൂടിയായ വിമിൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകാത്ഭുത ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡിൽ 2021-ൽ ഇടം നേടിയിരുന്നു. ഇടവകയിലും യുവജനപ്രസ്ഥാനത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിമിന് തുടർന്നുള്ള തന്റെ കലാജീവിതത്തിൽ പുതിയ ഉയരങ്ങളിലെത്താൻ കഴിയട്ടെയെന്ന് തിരുവനന്തപുരം മീഡീയകമ്മിഷൻ ആശംസകൾ നേർന്നു.