പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്നതോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആഗോളസഭയിൽ മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും ദിനമാചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യപനത്തോട് പ്രത്യുത്തരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിരൂപതയിലെ ദൈവാലയങ്ങളിൽ വിവിധ തരത്തിലുള്ള പരിപാടികളോടെ അർത്ഥവത്തായി ദിനാചരണം നടത്തി.
ദിവ്യബലിയിൽ പങ്കെടുക്കുന്നതിന് ഇടവകകളിൽ മുത്തശ്ശീമുത്തശ്ശന്മാർക്ക് പ്രത്യേകമാംവിധം ഇരിപ്പിടങ്ങൾ ക്രമീകരിച്ച് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പല ഇടവകകളിലും ദിവ്യബലിക്ക് മുത്തശ്ശീമുത്തശ്ശന്മാരും വയോധികരുമാണ് നേതൃത്വം നൽകിയത്. കൊച്ചുമക്കൾ സമ്മാനങ്ങൾ മുത്തശ്ശീമുത്തശ്ശന്മാർക്ക് കൈമാറി അവർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും പരസ്പരം ഉമ്മകൾ നൽകി സേഹം പങ്കുവച്ചു. ദിവ്യബലിക്ക്ശേഷം മുത്തശ്ശി മുത്തശ്ശനമാർക്കും വയോധികർക്കും സ്നേഹവിരുന്നു നല്കി സന്തോഷം പങ്കുവച്ചു. ഒപ്പം കുടുംബങ്ങളിൽ ദിനാചരണം നടത്തുന്നതിന്റെ ഫോട്ടോ മത്സരം, സെല്ഫി മത്സരം, ഷോട്ട്സ് / റീൽസ് മത്സരം എന്നീ വ്യത്യസ്തത നിറഞ്ഞ പരിപാടികൾ അതിരൂപതയിലെ ഇടവകകളിൽ നടന്നു.
മുത്തശ്ശിമുത്തശ്ശന്മാർ കുടുംബത്തിലെ വിളക്കാണെന്നും അവരെ ഒഴിവാക്കിയുള്ള ജീവിതം കുടുംബങ്ങളിൽ ഇരുൾ പരത്തുമെന്നും, ആയതിനാൽ മുത്തശ്ശീമുത്തശ്ശന്മാരും വയോധികരും കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണന്നുമുള്ള സന്ദേശമാണ് എല്ലാ ഇടവകകളിലും പങ്കുവയ്ക്കപ്പെട്ടത്. കുടുംബശൂശ്രൂഷയുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. കുടുംബപ്രേഷിത ശുശ്രൂഷ രൂപത കാര്യാലയത്തിൽ നിന്നും എല്ലാ ഇടവകകളിലും ദിനാചരണം നടത്താൻ സഹായിക്കുന്ന ആമുഖവും വിശ്വാസികളുടെ പ്രാർത്ഥനയും ആഴ്ചകൾക്കുമുമ്പേ നൽകിയിരുന്നു.
2021 ജൂലൈ 25- നാണ് മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോജനങ്ങളുടെയും ആദ്യലോകദിനം ആചരിച്ചത്. “യുഗാന്തം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28 : 20) എന്ന യേശുവിന്റെ തിരുവചനമായിരുന്നു പ്രമേയമായി പാപ്പാ സ്വീകരിച്ചത്. 2022-ലാകട്ടെ “വാർദ്ധക്യത്തിലും അവർ ഫലം നൽകും” എന്ന പ്രമേയത്തോടെ ഈ ദിനം ആചരിക്കപ്പെട്ടു. 2023-ൽ മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോജനങ്ങളുടെയും ലോകദിനം ആചരിക്കപ്പെടുന്നത് വിശുദ്ധ ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായം അൻപതാം തിരുവചനത്തിൽ നാം കാണുന്ന “തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും” (ലൂക്ക 1:50) എന്ന പരിശുദ്ധ അമ്മയുടെ വാക്കുകളെ ആധാരമാക്കിയാണ്.