ന്യൂയോര്‍ക്ക്: 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ കരസ്ഥമാക്കി. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.
സിനിമയ്ക്ക് ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കുക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷണം അടിവരയിടുക കൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഷൈസൺ പി. ഔസേഫ് പറഞ്ഞു. എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്‌തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽ നിന്നാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും അൻപതിലധികം അംഗീകാരങ്ങൾ നേടുകയും ഓസ്‌കർ നോമിനേഷനുകൾക്ക് അർഹത നേടുകയും ചെയ്തു.