വള്ളവിള: ക്രിസ്തുവിനെ ദർശിക്കണമെന്ന തീഷ്ണമായ ആഗ്രഹാത്താൻ സഹനങ്ങളെ സ്നേഹിച്ച സ്റ്റെലിൻ ജസന്തർ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ ഇടവക ദൈവാലയത്തിൽ നടന്നു. തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവ് മുഖ്യകാർമികനായും സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ്, എമിരിറ്റസ് മെത്രാപൊലീത്ത റവ. ഡോ. സൂസപാക്യം അതിരൂപതയിലെ നിരവധി വൈദീകരും സഹകാർമികരായി അർപ്പിച്ച ദിവ്യബലിക്ക് ശേഷം പ്രത്യേകമായി ഒരുക്കിയ കല്ലറയിൽ സംസ്കാര ശുശ്രൂഷ നടന്നു. പൗരോഹിത്യ പട്ടം സ്വീകരിച്ച തന്റെ മാതൃഇടവകയായ വള്ളവിളയിലെ സെന്റ്. മേരീസ് ദൈവാലയത്തിലാണ് ആയിരങ്ങൾ പങ്കെടുത്ത മൃതസംസ്കാര ശുശ്രൂഷ നടന്നത്. ഒരു ദിനമെങ്കിലും ദിവ്യബലിയർപ്പിച്ച് ദൈവജനത്തിന് ദിവ്യകാരുണ്യം പങ്കുവച്ച് നല്കണമെന്ന അച്ചന്റെ ആഗ്രഹം സഫലീകരിച്ചാണ് അച്ചൻ നിത്യതിയിലേക്ക് ചേർന്നത്.
ദിവ്യബലി മധ്യേയുള്ള തങ്ങളുടെ അനുശോചന സന്ദേശത്തിൽ അഭിവന്ദ്യ പിതാക്കാന്മാർ അച്ചനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചത് ഹൃദ്യമായിരുന്നു. രോഗശയ്യയിലായിരുന്നപ്പോൾ തോമസ് ജെ. നെറ്റോ പിതാവ് അച്ചനെ ഭവനത്തിൽ സന്ദർശിച്ചപ്പോഴുണ്ടായ സംഭവം വിശദീകരിച്ചു. സംസാരിക്കാൻ സാധിക്കാതെ വൈഷമ്യാവസ്ഥയിലായിരുന്ന അച്ചൻ അഭിവന്ദ്യ പിതാവിന്റെ സന്ദർശനം മനസിലാക്കി ഒരു നോട്ട്ബുക്കിൽ ഇങ്ങനെക്കുറിച്ച് നല്കി: “പിതാവേ, എന്നോട് ക്ഷമിക്കണം, എനിക്ക് അതിരൂപതയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ”. പിതാവിന്റെ മറുപടി ഒരു അപ്പൻ മകനെ ആശ്വസിപ്പിക്കുന്നതിന് തുല്ല്യമായിരുന്നു. “അച്ചൻ ഒരു കാരണംകൊണ്ടും വിഷമിക്കരുത്. ഈ രോഗശയ്യയിലും അച്ചൻ ദിവ്യകാരുണ്യത്തെ പുണർന്നുകൊണ്ട് അതിരൂപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സേവനം”. തിർച്ചയായും അച്ചൻ ഇനി സ്വർഗത്തിലായിരുന്നുകൊണ്ട് തന്റെ പ്രാർത്ഥന തുടരുമെന്നും അത് അതിരൂപതയ്ക്കും ദൈവജനത്തിനും വളരെ വലിയ ശക്തിയായിരിക്കുമെന്നും അഭിവന്ദ്യ മെത്രാപൊലീത്ത പറഞ്ഞു.
ദിവ്യബലിയുടെ സമാപനത്തിൽ അച്ചന്റെ മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, ഇടവകയ്ക്കും, അച്ചനെ ശുശ്രൂഷിച്ച ആർസിസി, ജൂബിലി ആശുപത്രി എന്നിവടങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും, അതിരൂപത സംവിധാനങ്ങൾക്കും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നന്ദിയർപ്പിച്ചു. സ്റ്റെലിനച്ചന്റെ ദിവ്യകാരുണ്യ ഭക്തിയെക്കുറിച്ച് ക്രിസ്തുദാസ് പിതാവ് പ്രത്യേകം പരാമർശിച്ചു. ദിവ്യകാരുണ്യത്തെ ജീവനെക്കാളധികം സ്നേഹിച്ച സ്റ്റെലിനച്ചൻ. രോഗാവസ്ഥയിൽ താനായിരുന്ന മുറിയിൽ പ്രത്യേക അനുവാദം വാങ്ങി ദിവ്യകാരുണ്യം സ്ഥാപിച്ച് ദൈവാലയമാക്കി മാറ്റിയതിൽ നിന്ന് വ്യക്തമാണ് അച്ചന്റെ ദിവ്യാകാരുണ്യ ഭക്തി. ഈലോകത്തിൽ നിന്ന് യാത്രയായ ദിനവും തന്റെ പതിവ് ദിനചര്യകൾ പൂർത്തിയാക്കി ദിവ്യകാരുണ്യം സ്വീകരിച്ച് നിമിഷങ്ങൾക്കകം അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രായായി. തീർച്ചയായും അച്ചൻ ആഗ്രഹിച്ചതുപോലെ ഇനി ദൈവസനിധിയിലായിരിക്കും.
ജീവിച്ചിരുന്നപ്പോൾ അച്ചൻ കണ്ട സ്വപനം ഇന്ന് യാഥാർത്ഥ്യമായി. അഭിവന്ദ്യ പിതാക്കന്മാരുടെയും നിരവധി വൈദീകരുടെയും സന്യസ്ഥരുടെയും താനേറെ സ്നേഹിച്ചിരുന്ന യുവജനങ്ങളും ദൈവജനവുമടങ്ങുന്ന വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റെലിനച്ചന്റെ മൃതസംസ്കാര ശുശ്രൂഷ നടന്നു. ദൈവാലയത്തോട് ചേർന്ന് പ്രത്യേകമാംവിധം സജ്ജീകരിച്ച കല്ലറയൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് അഭിവന്ദ്യ സൂസപാക്യം പിതാവ് നേതൃത്വം നൽകി. നിത്യശാന്തിക്കയുള്ള എട്ടാംദിന ദിവ്യബലിയും പ്രാർത്ഥനയും 31.08.2023 വൈകുന്നേരം 3 മണിക്ക് വള്ളവിള ഇടവക ദൈവാലയത്തിൽ നടക്കും.