തോപ്: ജൂബിലി സമാപനത്തോടനുബന്ധിച്ച് വലിയതുറ ഫൊറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ തോപ് ഇടവകയിൽ വച്ച് “വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ പ്രത്യാശ പകരാൻ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളുടെ കടമകൾ” എന്ന വിഷയത്തിന്മേൽ സെമിനാർ നടത്തി. വലിയതുറ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. ക്രിസ്റ്റൽ റൊസാരിയോ സെമിനാർ ഉദ്ഘാടനം ചെയ്തു.

കേരള യൂണിവേഴ്സിറ്റിയിൽ MSC ജിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദീപ കലിസ്റ്റ്, BA ഹിസ്റ്ററിയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ആൻസി സ്റ്റാൻസിലാസ് എന്നിവർ വിജയവഴിയിലെ അവരുടെ അനുഭവം പങ്കുവച്ചു. തുടർന്ന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾക്കായി സംഘടിപ്പിച്ച സെമിനാറിൽ ഇടവകകളിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ചും, അവരുടെ ഇടപെടലുകൾ എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ചും ക്ലാസ്സ് നൽകി. ഫൊറോന ആനിമേറ്റർ മേരി ഫാത്തിമ, ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സെമിനാറിന് ക്രമീകരണങ്ങൾ നടത്തി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗമായ മൃദുല സ്വാഗതവും സുനീർദ്ധ നന്ദിയും പറഞ്ഞു.

