പുല്ലുവിള: ഫെറോനയിലെ വിവിധ ഇടവകകളിലെ കേൾവി സംസാര പരിമിതർക്കായുള്ള അജപാലനത്തിന്റെ ഭാഗമായി പുല്ലുവിള ഫെറോനയിൽ ആംഗ്യഭാഷ ദിവ്യബലിക്ക് തുടക്കം കുറിച്ചു. കുടുംബ ശുശ്രൂഷ പുല്ലുവിള ഫെറോന സമിതിയുടെ ക്രമീകരിച്ച ദിവ്യബലിക്ക് അതിരൂപത കുടുംബ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ മാർക്കോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെനിസ്റ്റൻ ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു. ഫാ. ജോസഫ് ഭാസ്കർ ആമുഖ പ്രഭാഷണം നടത്തി. കരുങ്കുളം ഇടവക വികാരി ഫാ. ജോയ് സി. മാത്യൂ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നും എൻപതോളം കേൾവി – സംസാര പരിമിതർ ദിവ്യബലിയിൽ പങ്കുചേർന്നു. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുനിർത്താൻ കുടുംബ ശുശ്രൂഷ നടത്തുന്ന കരുണയുടെ അജപാലന പ്രവർത്തനങ്ങൾക്ക് ഫെറോന വികാരി ഫാ. ഡയസൺ മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകി.