മൺവിള: ഇടവകകളിലെ ബിസിസി യൂണിറ്റുകളും അതിലെ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പേട്ട ഫൊറോനയിൽ നടക്കുന്ന പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടം പുർത്തിയായി. രണ്ടാംഘട്ട പരിശീലന പരിപാടി ജൂലൈ 21 ഞായറാഴ്ച മൺവിള ചർച്ച് ഹാളിൽ നടന്നു. ആദിമ ക്രൈസ്തവ സമൂഹത്തിൽ നിലനിന്നിരുന്ന പരിശുദ്ധാത്മാവിന്റെ നിറവ്, കൂട്ടായ്മ, അപ്പം മുറിക്കൽ എന്നീ അനുഭവങ്ങൾ ഇന്നും നിലനിർത്തി ഒരുമിച്ച് മുന്നേറുന്ന സഭയാണ് ബി.സി.സി ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യപ്രാപ്തി നമുക്ക് കൈവരിക്കാനാകുന്നുണ്ടോ എന്നതാണ് ഓരോ പരിശീലന പരിപാടിയിലും വിലയിരുത്തപ്പെടുന്നതും അത് പരിഹരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതും. ഫൊറോന ആനിമേറ്റർ ശ്രീമതി ആഗ്നസ് ബാബു ക്ലാസിന് നേതൃത്വം നൽകി. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി മുപ്പത്തിയൊൻപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ഫൊറോന ബിസിസി സെക്രട്ടറി ശ്രീ. ജയരാജ് സ്വാഗതം പറഞ്ഞു. വികാസ് നഗർ കോർഡിനേറ്റർ ശ്രീമതി സ്മിതാ ക്രിസ്റ്റീൻ നന്ദി പറഞ്ഞു.