വേളാങ്കണ്ണി: ഇൻഡ്യയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയിൽ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി കൊടിമരത്തിന്റെയും പതാകയുടെയും ഘോഷയാത്രയും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണിവും നടന്നു. പ്രദക്ഷിണത്തിന് റെക്ടർ സി. ഹൃദയരാജ് നേതൃത്വം നൽകി. ആയിരകണക്കിന് ഭക്തജനങ്ങൾ പുഷ്പവൃഷ്ടി നടത്തി ഘോഷയാത്രയിലും പ്രദക്ഷണത്തിലും പങ്കെടുത്തു.
തുടർന്ന് ബസിലിക്കയ്ക്ക് സമീപം തഞ്ചാവൂർ അതിരൂപത മുൻബിഷപ്പ് മോസ്റ്റ് റവ. ഡോ. ദേവദാസ് അംബ്രോസ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. എൽ. സഹായരാജ് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പതാക കൊടിയേറ്റ് കർമ്മം നടന്നു. കലക്ടർ ജോണി ടോം വർഗീസ്, പോലീസ് സൂപ്രണ്ട് ഹർഷ് സിംഗ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്തംബർ 7 ന് വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്തംബർ 8 ന് രാവിലെ 6ന് ആഘോഷമായ തിരുനാൾ ദിവ്യബലി രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാളിന് കൊടിയിറങ്ങും. സെപ്തംബർ 30 മുതൽ സെപ്തംബർ 7 വരെ പ്രഭാതനക്ഷത്രം ദൈവാലയത്തിൽ രാവിലെ 9 മണിക്ക് മലയാളത്തിലുള്ള ദിവ്യബലി ഉണ്ടായിരിക്കും.
തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേളാങ്കണ്ണിയിലേക്ക് 24 മണിക്കൂറും പ്രത്യേക ബസ് സർവീസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.