ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത കുടുംബവര്‍ഷാചരണത്തിന്റെ അതിരൂപതതല ആചരണം മെയ് 14 ശനിയാഴ്ച നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ മെത്രാപ്പോലിത്ത തോമസ് ജെ. നെറ്റോ പ്രോ-ലൈഫ് കുടുംബങ്ങളിലെ പതിനൊന്നു കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കി. തുടര്‍ന്ന് ലിറ്റില്‍ ഫ്‌ളവര്‍ പാരിഷ് ഹാളില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനവും സഹായ വിതരണവും നടന്നു.സമ്മേളനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു സന്നിഹിതനായിരുന്നു.
ജീവന്‍ സമൃദ്ധി പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ 100 കുട്ടികളുടെ സുരക്ഷിത ഭാവിക്കായി 10,000/ രൂപ വീതം നിക്ഷേപിച്ച് സാമ്പാദ്യ പദ്ധതിയില്‍ ചേര്‍ത്തു. ഇതോടൊപ്പം തന്നെ കുടുംബ ശുശ്രൂഷ നേതൃത്വസംഗമവും സാന്ത്വനം മംഗല്യം പദ്ധതിയുടെ ഭാഗമായി വിവാഹ ധനസഹായ വിതരണവും, കരുണാമയന്‍ പദ്ധതിയുടെ ഭാഗമായി പെന്‍ഷന്‍ വിതരണവും കാഴ്ച പരിമിതര്‍ക്ക് ഓഡിയോ ബൈബിള്‍ വിതരണവും മന്ന പദ്ധതി നടപ്പിലാക്കി വിശപ്പ് രഹിത ഇടവകകളായി പ്രഖ്യാപിച്ച ഇടവകകളെ ആദരിക്കുകയും ചെയ്തു.കൂടുന്തോറും ഇമ്പമുളവാകുന്ന കുടുംബമെന്നപോലെ പുത്തൻ പ്രതീക്ഷകളുടെയും സ്നേഹം പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും മാതൃകയായിട്ടാണ് അതിരൂപത കുടുംബശുശ്രൂഷ സമിതി കാരുണ്യ പ്രവർത്തികൾക്കൊപ്പം കുടുംബവർഷാചാരണം നടത്തിയത്.
സപ്തവർണ്ണങ്ങൾ ചേർന്നിണങ്ങിയ മഴവിൽ പോലെ കുറവുകളുടെയും നിറവുകളുടെയും കൂടിച്ചേരലിലൂടെയുണ്ടാകുന്ന ദൈവവിളിയാണ് കുടുംബജീവിതം.ആ ദൈവവിളിയെ കാരുണ്യപ്രവർത്തികളുടെ കൂടിച്ചേരലോടുകൂടി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതി.