കോട്ടയം: നവീകരണ യജ്ഞത്തിന്റെ ഭാഗമായി വിജയപുരം രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിനു തുടക്കം. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലർപ്പിക്കപ്പെട്ട സമൂഹബലിയോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. രൂപതയിലെ 84 ഇടവകകളിൽനിന്നെത്തിയ അജപാലന സമിതി പ്രതിനിധികൾ, വൈദിക-സന്യസ്ത പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുത്ത ദിവ്യകാരുണ്യ സിമ്പോസിയം തുടർന്നു നടന്നു. നേരത്തെ നൽകിയിരുന്ന ചോദ്യാവലി ആസ്പദമാക്കി പ്രബോധനം, വചനം, ദിവ്യകാരുണ്യ അനുഭവം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
തുടർന്ന് നടന്ന ദിവ്യകാരുണ്യാരാധനയ്ക്കു മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകി. മഞ്ഞുമ്മേൽ കർമലീത്താ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ ഒസിഡി ദിവ്യകാരുണ്യ പ്രഭാഷണം നടത്തി. ദിവ്യകാരുണ്യ കോൺഗ്രസിന്റെ മുഖ്യപരിപാടിയായ ഭക്തിനിർഭരവും വർണാഭവുമായ ദിവ്യ കാരുണ്യ പ്രദക്ഷിണം കത്തീഡ്രലിൽനിന്ന് ആരംഭിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണം മിണ്ടാമഠത്തിലെത്തിയപ്പോൾ കൊല്ലം രൂപത മുൻമെത്രാൻ ഡോ. സ്റ്റാൻലി റോമൻ ദിവ്യകാരുണ്യാശീർവാദം നൽകി.