വിഴിഞ്ഞം: കാലവർഷം, മത്സ്യബന്ധന സീസൺ എന്നിവ മുൻനിർത്തി ഫിഷറീസ് വകുപ്പ് വിഴിഞ്ഞത്ത് മുഴുവൻ സമയ പ്രവർത്തനമുള്ള കൺട്രോൾ റൂം തുടങ്ങി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ വളപ്പിലാണ് കൺട്രോൾ റൂം. ഫോൺ: 0471–2480335.
കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞത്തും മുതലപ്പൊഴിയിലേക്കുമായി രണ്ടു വലിയ വാടക ബോട്ടുകൾക്കായി ക്വട്ടേഷൻ ക്ഷണിച്ചതായി ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. രണ്ടു ചെറിയ വള്ളങ്ങളും രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണോടനുബന്ധിച്ച മുന്നൊരുക്ക ഭാഗമായി പ്രാഥമിക യോഗം ചേർന്നു. വെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയതായും അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ചു വിശദമായ അവലോകന യോഗം വൈകാതെ ചേരുമെന്നും അറിയിച്ചു. എന്നാൽ ശക്തമായ മഴ ഇല്ലാത്തതിനാൽ വിഴിഞ്ഞത്ത് മത്സ്യബന്ധന സീസൺ ആരംഭിച്ചിട്ടില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.