വെള്ളയമ്പലം: ചൈൽഡ് പാർലമെന്റ് അതിരൂപത വാർഷിക സംഗമം വെള്ളയമ്പലത്ത് നടന്നു. ടി.എസ്.എസ്.എസ് കാര്യാലയത്തിൽ ഇന്ന് നടന്ന സംഗമം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു. 9 ഫൊറോനകളിൽ നിന്നും വിവിധ വിഷങ്ങളിൽ പ്രസംഗിച്ച ചൈൽഡ് ചൈൽഡ് പാർലമെന്റ് കുട്ടികളെയും അവരുടെ പ്രവർത്തനങ്ങളെയും പിതാവ് അഭിനന്ദിച്ചു. കുട്ടികൾ നന്മ തിന്മകളെ വേർതിരിച്ചറിഞ്ഞ് ഭാവിയുടെ വാഗ്ദാനങ്ങളായി മാറട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
വാർഷിക സംഗമത്തോടനുബന്ധിച്ച് നഴ്സറി, സപ്ലിമെന്ററി അധ്യാപകർക്കും ചൈൽഡ് പാർലമെന്റ് വോളണ്ടിയർമാർക്കും ” വ്യക്തിത്വ വികസന പ്രക്രിയയിൽ അധ്യാപകരുടെ പങ്ക് ” എന്ന വിഷയത്തിൽ ശ്രീ. വസന്ത് കൃഷ്ണൻ ക്ലാസ് നയിച്ചു. ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ” ഉന്നത വിദ്യാഭ്യാസത്തിൽ വിജയം നേടാനുള്ള മാർഗങ്ങൾ” എന്ന വിഷയത്തിൽ ശ്രീ.സുനിൽ ജോൺ ക്ലാസ് നയിച്ചു. തുടർന്ന് അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ആഷ്‌ലിൻ ജോസിന്റെ അധ്യക്ഷതയിലും രൂപത കോഡിനേറ്റർ ശ്രീമതി. രമ്യ ജോസിന്റെ സാന്നിധ്യത്തിലും ഫൊറോനാ തലത്തിൽ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു.
ഫൊറോനാ തലത്തിലെ മികച്ച ചൈൽഡ് പാർലമെന്റുകളായി തിരഞ്ഞെടുത്ത വെണ്ണികോട്, കാക്കാമൂല, കുടപ്പനക്കുന്ന്, സെന്റ്. സേവിയേഴ്സ്, കുശവർക്കർ, സെന്റ്. മേരിസ് വള്ളവിള, കരിച്ചൽ, ഫാത്തിമ മാതാ കഴക്കൂട്ടം എന്നീ ഇടവകകളെ ട്രോഫി നൽകി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 88 ചൈൽഡ് പാർലമെന്റ് അംഗങ്ങൾക്ക് അഭിവന്ദ്യ പിതാവ് മൊമെന്റോ നൽകി അനുമോദിച്ചു. ഫൊറോനാ ആനിമേറ്റേഴ്സ് സന്നിഹിതരായിരുന്ന പ്രസ്തുത പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നായി 168 ചൈൽഡ് പാർലമെന്റ് കുട്ടികൾ പങ്കെടുത്തു.