കോവളം: കേരള കാത്തലിക് ടിച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് തിരുവനന്തപുരം കോവളം റിന്യൂവൽ സെൻ്ററിൽ ആരംഭിച്ചു. തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെളിച്ചമുള്ള അധ്യാപകർക്കേ സമൂഹത്തിൽ ഉണർവ് സൃഷ്ടിക്കാൻ കഴിയൂ. സാമൂഹിക വികസനം വിദ്യാഭ്യാസത്തിലൂടെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഭാവനാത്മകമായ സമീപനം കണ്ടെത്തണം. പുതിയ ഉൾക്കാഴ്ചയും സമീപനവും ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങളിലും ഇടപെടാൻ കഴിയും. അങ്ങനെ സമൂഹത്തിൽ നന്മകൾ വളർത്താൻ അധ്യാപകർക്ക് സാധിക്കുമെന്ന് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച്ബിഷപ്പ് പറഞ്ഞു.
കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യ സമൂഹത്തിന് പ്രത്യാശ നൽകുന്നവരാകണം അധ്യാപകർ എന്നും അന്ധകാരത്തെ അകറ്റി വ്യക്തികളിൽ പ്രകാശം ചൊരിയുവാൻ കഴിയണമെന്നും വിദ്യാർത്ഥികൾക്ക് പ്രത്യാശകൊടുക്കാൻ അധ്യാപകർ പ്രവർത്തിക്കന്നമെന്നും മുഖ്യപ്രഭാഷണത്തിലൂടെ ബിഷപ്പ് ഉദ്ബോധിപ്പിച്ചു. കോവളം എം.എൽ.എ. എം. വിൻസെൻ്റ് മുഖ്യാതിഥി ആയിരുന്നു. രക്ഷകർത്താക്കളുടെ അനാവശ്യമായ ഇടപെടൽമൂലവും, സ്കൂളുകളിൽ യോജിപ്പുള്ള പ്രവർത്തനക്കുറവുമൂലവും ഇന്ന് അധ്യാപകർ മെക്കാനിക്കലായി മാറിയിരിരിക്കുന്നോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ആൻ്റണി അറയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, കോർപ്പറേറ്റ് മാനേജർ ഫാ. ഡയസൺ യേശുദാസ്, വൈസ് പ്രസിഡന്റുമാരായ എലിസബത്ത് ലിസി, സിന്നി ജോർജ്, സെക്രട്ടറി ജി.ബിജു, അതിരൂപത പ്രസിഡൻ്റ് ഇഗ്നേഷ്യസ് ലയോള , ബിജു കുറുമുട്ടം , ജീബ പൗലോസ്, കൊങ്ക്ളിൻ ജിമ്മി എന്നിവർ പ്രസംഗിച്ചു.പൗരോഹിത്യത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ഡയ്സൺ യേശുദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.ഐ ട്രയിനർ ഷാജൻ കക്കോടി Artificial Intelligence : practical Tips and Tools for Educators’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. തുടർന്ന് ഔട്ടിംഗ്, അഭിമുഖം, ക്യാമ്പ് ഫയർ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.