മത്സ്യബന്ധനയാനങ്ങളുമായി നാളെ നടത്തുന്ന മാര്‍ച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് ഉത്ഘാടനം ചെയ്യും. മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ, റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കും. 11.00 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹത്തോടെ അവസാനിക്കും. ആയിരങ്ങള്‍ അണിചേരുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ നിരവധി മത്സ്യബന്ധനയാനങ്ങളുമായായിരിക്കും മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുകയെന്നും അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കായി ജീവൻ അർപ്പിച്ച ധാരാളം ദേശസ്നേഹികളോടുള്ള ബഹുമാനാർത്ഥവും രാജ്യത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും ലത്തീൻ സമുദായം ചെയ്ത സംഭാവനകളെ അനുസ്മരിച്ചും രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ആഹ്വാനം ചെയ്ത കരിദിനം മാറ്റിവെച്ചതായി നേരത്തെ അതിരൂപതാ സമരസമിതിയുടെ പത്രക്കുറിപ്പ് പുറത്തുവന്നിരുന്നു. കരിദിനം ഓഗസ്റ്റ് മാസം 16ന് ആചരിക്കുമെന്നും തുടർന്ന് അദാനി പോർട്ടിന്റെ കവാടം പ്രതിരോധിച്ചുകൊണ്ടുള്ള അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ളതും കേരളത്തിലാകമാനമുള്ള മത്സ്യത്തൊഴിലാളികള്‍ വറുതിയിലാണെന്നും, പഞ്ഞമാസ പദ്ധതിയുടെ വിഹിതം പോലും നല്‍കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങള്‍ തോറും പ്രചരണത്തിലാണെന്നും തിരുവനന്തപുരം അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവങ്ങളില്‍ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും 5 മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞുതും വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മ്മാണത്തിന്‍റെ ഫലമായി പനത്തുറ മുതല്‍ വേളിവരെ കടല്‍ത്തീരം നഷ്ടപ്പെട്ട് 500 ലേറെ വീടുകല്‍ നഷ്ടപ്പെട്ടതും, 2018 മുതല്‍ 300 ഓളം കുടുംബങ്ങള്‍ മനുഷ്യോചിതമല്ലാത്ത ഫുഡ്കോര്‍പ്പറേഷന്‍റെ ക്യാമ്പിലും സ്കൂള്‍ വരാന്തകളിലും താമസിക്കുന്നതു കണ്ടിട്ടും, ഭരണ സിരാകേന്ദ്രത്തില്‍ നിന്ന് 6 കിലോമീറ്റര്‍ മാത്രമുള്ള ക്യാമ്പിലെതുൾപ്പെടെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനോ, അവരുടെ ശോചനീയമായ സ്ഥിതി പരിഹരിക്കാനോ പലവട്ടം വെള്ളയമ്പലം അരമനയില്‍ കയറിയിറങ്ങിയ മന്ത്രമാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പറയുന്നുണ്ട്.