ഈ സമരത്തിൽ തിരുവനന്തപുരം അതിരൂപത മാത്രമല്ല, കേരള സഭ ഒന്നടങ്കം നിങ്ങളോടൊപ്പം ഉണ്ടെന്നും വളരെ ന്യായമായ ആവശ്യങ്ങൾക്കായാണ് ഈ സമരത്തിന് ഇവിടെ സന്നിഹിതരായിരിക്കുന്നതെന്നും സാധാരണക്കാരായ മനുഷ്യരുടെ വേദനകളിൽ അവരോടൊപ്പം ആയിരിക്കുന്നവരാണ് വൈദികരും സന്യസ്ഥരുമെന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ. തോമസ് തറയിൽ. വികസനങ്ങളെ എതിർക്കുന്നവരല്ല ക്രൈസ്തവരെന്നും എന്നാൽ വിനാശം സൃഷ്ടിക്കുന്ന വികസനം വേണ്ടെന്നേ പറയുന്നുള്ളൂവെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പട്ടിണിയാണെന്ന് എന്തുകൊണ്ട് സർക്കാർ മനസ്സിലാക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
തീരദേശവാസികൾ ഇന്നോ ഇന്നലെയോ മുതൽ തീരത്ത് ജീവിക്കുന്നവരല്ലെന്നും ചരിത്രം പരിശോധിച്ചാൽ അവർ പരമ്പരാഗതമായി തീരത്തോട് ഇണങ്ങി ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും, നമ്മളെല്ലാവരും ഒരുമിച്ച് നിന്നാൽ നമ്മുടെ അവകാശങ്ങളെ സംരക്ഷിക്കാൻ ആകുമെന്നും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് വിൻസന്റ് സാമുവൽ പറഞ്ഞു.
കടലാക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന തീരജനതക്കായി ശബ്ദമുയർത്തിക്കൊണ്ട് ഇന്ന് സന്യസ്ഥരാണ് സമരമുഖത്ത് അണിനിരന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അതിരൂപത ചാൻസിലർ മോൺ. സി. ജോസഫ് പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. ജൂലൈ 20 മുതൽ തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം ആരംഭിച്ചതിന്റെ പത്താം ദിവസത്തിലാണ് അതിരൂപതയിലെ സന്യസ്ഥർ ഒന്നടങ്കം സമരത്തിൽ അണിചേർന്നത്. തീരദേശ ജനങ്ങൾ നേരിടുന്ന ഭവന നഷ്ടം, തീരശോഷണം, മണ്ണെണ്ണയുടെ വിലക്കയറ്റം, തൊഴിൽ നഷ്ട്ടം തുടങ്ങിയവ പരിഹരിക്കുന്നതിന് കഴിഞ്ഞ 5 വർഷങ്ങളായി അധികാരികളുടെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുതകുന്ന നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും, ഇപ്പോൾപ്പോലും സമരത്തിലൂടെ ജനങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കാൻ പോലും അധികാരികൾക്ക് സാധിച്ചിട്ടില്ലെന്നും സംഘാടകർ പറയുന്നു.
സമരത്തെ അഭിസംബോധന ചെയ്ത് അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ,മോൺ. യുജിൻ എച്ച്. പെരേര, മോൺ ജെയിംസ് കുലാസ്, ഫാ. ബെർണി വർഗീസ് ഒ. എഫ്. എം, ഫാ. ജോസ് തച്ചിൽ എസ്. ജെ, സിസ്റ്റർ മേഴ്‌സി, സിസ്റ്റർ എമ്മ എഫ്. ഐ. എച്ച്, ശ്രീ. ഇഗ്നേഷ്യസ് ലയോള, അഡ്വ. ഷെറി, ശ്രീ. ജൂഡ്,ഫാ. ജിജു, ശ്രീ. രാജു, ശ്രീ. നിക്സൻ ലോപ്പസ് എന്നിവർ സംസാരിച്ചു.
ഇന്നത്തെ സമരത്തിൽ സമർപ്പിതർക്കൊപ്പം തിരുവനന്തപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും വിദ്യാഭ്യാസ ശുശ്രൂഷാ സമിതി പ്രവർത്തകരും എത്തിച്ചേർന്നു.