വെള്ളയമ്പലം: ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാനും ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കാനും തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഹ്വാനം ചെയ്തു. തിരുവനന്തപുരം അതിരൂപതാ ഹെറിറ്റേജ് കമ്മിഷൻ സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. സിൽവസ്റ്റർ കുരിശ് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രാദേശിക ചരിത്ര രചനയ്ക്ക് ഒരു ആമുഖം എന്ന വിഷയത്തെക്കുറിച്ച് ഡോ. എസ്. റൈമണും പഴമയും പാരമ്പര്യവും എന്ന വിഷയത്തെക്കുറിച്ച് ഡോ. ബീറ്റാജോണും സംസാരിച്ചു. രൂപത ചരിത്രരചന മാർഗരേഖ ഇഗ്നേഷ്യസ് തോമസ് അവതരിപ്പിച്ചു. ഡോ. അൽബാരിസ് ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി ഹെറിറ്റേജ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 75ഓളം പേർ പഠനശിബിരത്തിൽ പങ്കെടുത്തു.