തിരുവനന്തപുരം ലത്തീൻ അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ മഹോത്സവദിനത്തിൽ നടത്തപ്പെടും. കോവിഡ് 19 വ്യാപനതോതനുസരിച്ച് സർക്കാർ ഏർപ്പെടുത്തുന്ന പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻസ് ഗ്രൗണ്ടിൽ വച്ചാണ് തിരുക്കർമ്മങ്ങൾ നടത്തപ്പെടുന്നത്.
മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് എം. സൂസാപാക്യം മുഖ്യകാർമ്മികത്വം വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാൻമാർ ചടങ്ങുകളിൽ സംബന്ധിക്കും.
മെത്രാഭിഷേക – സ്ഥാനാരോഹണ ചടങ്ങുകളുടെ നടത്തിപ്പിനായി അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ചെയർമാനായും വികാരി ജനറൽ മോൺസിഞ്ഞോർ സി. ജോസഫ് ജനറൽ കൺവീനറായും അതിരൂപതാ വൈദിക സെനറ്റ് സെക്രട്ടറി ഫാദർ ക്ലീറ്റസ് വിൻസെന്റ്, അതിരപൂതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ബൈജു ജോസി എന്നിവർ ജോയിന്റ് കൺവീനർമാരായും വിപുലമായൊരു കമ്മിറ്റിക്ക് രൂപം നൽകി.
ഫാദർ ഡാർവിൻ പീറ്റർ (ആരാധനാ ക്രമം), മോൺസിഞ്ഞോർ റ്റി. നിക്കോളാസ് (പ്രോഗ്രാം – സ്വീകരണം), ഫാദർ ജോസഫ് ബാസ്റ്റ്യൻ (സ്റ്റേജ്, ഗ്രൗണ്ട്), ഫാദർ സിൽവെസ്റ്റർ കുരിശ് (ഭക്ഷണം, താമസം), ഫാദർ ദീപക് ആന്റോ (മീഡിയാ – പബ്ലിസിറ്റി), ഫാദർ സന്തോഷ് പനിയടിമ (വോളന്റിയേഴ്സ്, ഗതാഗതം), ഫാദർ ജൂഡിറ്റ് പയസ് (ധനകാര്യം) എന്നിവരുടെ നേതൃത്വത്തിൽ വൈദിക-സന്യസ്ഥ-അൽമായ പ്രതിനിധികളുൾക്കൊള്ളിച്ചുകൊണ്ട് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.