വെട്ടുതുറ: അതിരൂപതാംഗങ്ങളുടെ വിശുദ്ധികരണം ലക്ഷ്യംവച്ച് അതിരൂപതയിലെ വിവിധ ശുശ്രൂഷകൾ സജീവമാക്കാൻ പ്രവർത്തിക്കുന്ന സന്യാസമൂഹമാണ് പ്രത്യാശയുടെ ദാസിമാർ. ഈ സന്യാസമൂഹത്തിന് പ്രാർത്ഥന കൊണ്ടും, പരിത്യാഗ പ്രവൃത്തികൾ വഴിയും സഹായസഹകരണങ്ങൾ നൽകിവരുന്ന അൽമായ കൂട്ടായ്മയാണ് പ്രത്യാശയുടെ സ്നേഹിതർ. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രത്യാശയുടെ സ്നേഹിതരുടെ കൂടിവരവ് വെട്ടുതുറ ബക്കീത്തഭവനിൽ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ സ്നേഹിതർ ഓരോ നക്ഷത്രങ്ങളാണെന്നും ഇരുളിൽ ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ നൽകുന്ന സേവനങ്ങൾക്ക് അതിരൂപതയുടെ കൃതജ്ഞത അഭിവന്ദ്യ പ്രിതാവ് രേഖപ്പെടുത്തി. പ്രത്യാശയുടെ ദാസിമാരുടെ സന്യാസമൂഹത്തിന്റെ കോർഡിനേറ്റർ മോൺ. ജോർജ്പോൾ സ്വാഗതം ആശംസിച്ചു. അസിസ്റ്റൻറ് കോഡിനേറ്റർ ഫാ. റെക്സ് സന്ദേശം നൽകി. ബക്കീത്ത ഭവൻ സുപ്പീരിയർ സി. ബെറ്റി ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ ഇടവകകളിൽ നിന്നായി പങ്കെടുത്തവർ അവരുടെ പ്രവർത്തന റിപ്പോർട്ടും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കുവെച്ചു.

