വിഴിഞ്ഞം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനു പാരിസ്ഥിതിക അനുമതിക്കായി പൊതുജനങ്ങളുടെ വാദം കേൾക്കാൻ പബ്ലിക് ഹിയറിങ് നടത്തി. കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നൂറിലധികം പേർ നേരിട്ടെത്തി അഭിപ്രായങ്ങൾ അറിയിച്ചു. അടുത്ത ഘട്ടങ്ങളുടെ മാസ്റ്റർ പ്ലാൻ തുറമുഖ കമ്പനി അധികൃതർ വിശദീകരിച്ച ശേഷമാണ് പൊതുജനാഭിപ്രായം കേട്ടത്.
മത്സ്യത്തൊഴിലാളി മേഖലയിലെ ആശങ്കകൾക്കും നഷ്ടങ്ങൾക്കും പരിഹാരം കാണാതെയും ആവശ്യങ്ങൾ അംഗീകരിക്കാതെയുമുള്ള നടപടികൾ അംഗീകരിക്കില്ലെന്നു ലത്തീൻ അതിരൂപത പ്രതിനിധികൾ അറിയിച്ചു. പദ്ധതി പ്രദേശത്ത് ഉൾപ്പെടുന്ന കോട്ടുകാൽ, വിഴിഞ്ഞം എന്നിവിടങ്ങളിലും പൊഴിയൂരിലും തുറമുഖ പദ്ധതി കാരണം പാരിസ്ഥിതിക ആഘാതമുണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു.
സബ് കലക്ടർ ഡോ.അശ്വതി ശ്രീനിവാസ്, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ കെ.എസ്.വിനയ, ജില്ലാ എൻവയൺമെന്റ് എൻജിനീയർ സാബാ നാസിമുദ്ദീൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ.എം.ശ്രീത, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) സിഇഒ ശ്രീകുമാർ കെ.നായർ തുടങ്ങിയവർ പങ്കെടുത്തു.