തിരുവനന്തപുരം: അതിരൂപത അജപാലന സമിതി, പങ്കാളിത്തത്തിലും കാര്യക്ഷമതയിലും മികവ് പുലർത്തണമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത,ഡോ.തോമസ് നെറ്റോ ആഹ്വാനം ചെയ്തു. സഭയോടൊത്ത്, യാത്ര ചെയ്യാനുള്ള നമ്മുടെ വിളിയെക്കുറിച്ച്, ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം എടുത്തു കാട്ടിക്കൊണ്ട്, ദൈവാശ്രയമില്ലാതെനമുക്ക് മുന്നോട്ടു പോകാനാവില്ലെന്നു ദൈവാശ്രയം, നമ്മെ സ്നേഹത്തിലേക്കും ഐക്യത്തിലേക്കും നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരൂപതയുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ
വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം 2025-ൽ നടക്കുന്നു . ഈ ജൂബിലി പ്രത്യാശയുടെ തീർത്ഥാടനം ആകണമെന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് നമുക്കു എങ്ങനെ അതിരൂപതാതലത്തിൽ ആഘോഷിക്കണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നൂറാം വാർഷിക ആഘോഷം അതിരൂപതയിലെ നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായും ആഗോള സഭയുടെ നിർദേശങ്ങളുടെ ഭാഗമായും അർത്ഥവത്തായി എങ്ങനെ ആഘോഷിക്കണമെന്ന് നാം ചിന്തിക്കണം. അതിരൂപത ദിനാഘോഷം നാം പുനരാരംഭിക്കേണ്ടിയിരിക്കുന്നു. നമ്മുടെ അതിരൂപതയിൽ 9 ഫൊറോനകളും 100 ലധികം ഇടവകകളും നിലവിലുണ്ട്. പങ്കാളിത്തത്തിലും കാര്യക്ഷമതയിലും അജപാലന സമിതി യോഗങ്ങൾ എങ്ങനെ മികവുറ്റതാക്കാം എന്ന് നാം ചിന്തിക്കണം.
കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യോഗം മൗനം ആചരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിസിസികമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡാനിയേലും അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ ഫാദർ ഷാജു വില്യവും 2023 ഏപ്രിൽ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ തങ്ങളുടെ സമിതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്
ഈ രണ്ടു സമിതികളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തികൊണ്ട് ചർച്ചകൾ നടന്നു. ബിസിസികളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച ഫാദർ ഡാനിയൽ വ്യക്തമാക്കി. കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷൻ ) ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി .
പരിസ്ഥിതി സംരക്ഷണം ലഹരി വസ്തുക്കളുടെ വ്യാപനം എന്നീവിഷയങ്ങളെക്കുറിച്ച് സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സ്റ്റാലിൻ ഫെർണാണ്ടസ്, കർമ്മ പദ്ധതി അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അതിരൂപത മെത്രാസനമന്ദിരം പള്ളികൾ സ്ഥാപനങ്ങൾ തീര പ്രദേശങ്ങൾസമഗ്രമായി ശുചീകരിക്കാനും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് പരിസരം സംരക്ഷിക്കാനുംമനോഹരമാക്കാനും എല്ലാ ശുശ്രൂഷകളുടെയും സംഘടനകളുടെയും എൻജിഒകളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണ ബോധവൽക്കരണ പരിപാടികളിലൂടെ ഈ രണ്ടു വിഷയങ്ങളിലും ജനപങ്കാളിത്തവും സഹകരണവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു .
വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാദർ സജു റോൾഡൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം ശുചിത്വ പൂർണവും മനോഹരവുമാക്കുന്നതിനു വേണ്ടിയുള്ള കർമ്മപദ്ധതി അവതരിപ്പിക്കുകയുണ്ടായി. അതിരൂപത അജപാലന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള കർമ്മപരിപാടികൾ ആവിഷ്കരിക്കുവാൻ യോഗത്തിൽ തീരുമാനം ഉണ്ടായി. സജീവമായ ചർച്ചകളും ക്രിയാത്മകമായനിർദ്ദേശങ്ങളും അജപാലന സമിതി യോഗത്തിൽ അംഗങ്ങൾ നിർദേശിച്ചു. പാസ്റ്ററൽകൗൺസിൽ വൈസ് പ്രസിഡന്റ്, ജോളിമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് കോൺസ്റ്റന്റൈൻ നന്ദിയും പ്രകാശിപ്പിച്ചു .