പാളയം: ലോക രക്തദാത ദിനമായ ജൂൺ 14ന് ജൂബിലി മെമ്മോറിയൽ ആശുപത്രി ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അതിരൂപത യുവജന ശുശ്രൂഷയുടെയും, ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗിന്റെയും സഹകരണത്തോടെ ദിനാചരണവും സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ജൂബിലി മെമ്മോറിയൽ ആശുപത്രി ഡയറക്ടർ ഫാ. ലെനിൻ രാജിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ആശുപത്രി ബോർഡ് മെമ്പറും ലീഗൽ അഡ്വൈസറുമായ അഡ്വ. സജിത് എസ് (കേരള ഹൈക്കോടതി) ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 32 പ്രാവശ്യം സന്നദ്ധ രക്തദാനം നടത്തിയതായി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പങ്കുവയ്ക്കുകയും സന്നദ്ധ രക്തദാനം നടത്തുന്ന എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു. ഈ വർഷത്തെ പ്രചരണ മുദ്രാവാക്യം “Give Blood, Give Hope: Together we save Lives” (രക്തം നൽകൂ പ്രതീക്ഷ നൽകൂ: നമുക്കൊരുമിച്ച് ജീവൻ രക്ഷിക്കാം) എന്നാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ജൂബിലി ആശുപത്രിയുടെ ബ്ലഡ് സെന്ററിൽ രക്തദാനം നടത്തിയ ജൂബിലിയിലെ സ്റ്റാഫ് അംഗങ്ങൾ, മരിയൻ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ, മറ്റു വ്യക്തികൾ എന്നീ സന്നദ്ധ രക്തദാതാക്കൾക്ക് മെമെന്റോയും പ്രശംസാ പത്രവും നൽകി ആദരിച്ചു. അതിരൂപത യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് അനുഗ്രഹപ്രഭാഷണം നടത്തി. ജൂബിലി ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് സി. സരിറ്റാ ഫിലിപ്പ്, KCYM പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ആശ S P സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കിറ്റിലൂടെയും, പോസ്റ്റർ പ്രദർശനത്തിലൂടെയും ബോധവൽക്കരണവും നടത്തി. ജൂബിലി മെമ്മോറിയൽ ആശുപത്രി ബ്ലഡ് സെന്ററിന്റെ ടെക്നിക്കൽ സൂപ്പർവൈസറായ സി. ജോമിന ജോസ് സ്വാഗതവും അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. ബാബുരാജ് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് KCYM സംഘടനയിലെ യുവജനങ്ങളിൽ നിന്നും ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നേഴ്സിങ്ങിലെ വിദ്യാർത്ഥികളിൽ നിന്നും 30 യൂണിറ്റ് രക്തം ശേഖരിക്കുകയും എല്ലാവർക്കും പ്രശംസാ പത്രം നൽകുകയും ചെയ്തു.