വത്തിക്കാന്‍ സിറ്റി: അര്‍ബുദ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും ദിവ്യകാരുണ്യ ഭക്തിയിലൂടെ സഹനത്തെ കൃപയാക്കി മാറ്റി, സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട അജ്ന ജോര്‍ജ്ജിന്റെ ജീവിതകഥ ഫ്രാന്‍സിസ് പാപ്പയുടെ കൈകളില്‍. അറേബ്യൻ ഗൾഫിലെ സഭയെ പ്രതിനിധീകരിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡില്‍ പങ്കെടുക്കുന്ന അല്മായ പ്രതിനിധിയും മലയാളിയുമായ മാത്യു തോമസാണ് അജ്നയുടെ ജീവിതകഥയായ “ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്ജ്ജ ”Nightingale of the Holy Eucharist” ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്.
അജ്നയുടെ സഹനങ്ങളെ കുറിച്ച് വിവരിച്ചപ്പോള്‍ പാപ്പയുടെ മുഖഭാവത്തില്‍ മാറ്റം വന്നുവെന്നും കാന്‍സര്‍ അവസാന സ്റ്റേജിലെ അജ്നയുടെ ചിത്രം പുസ്തകത്തില്‍ കാണിച്ചപ്പോള്‍ പാപ്പയുടെ മുഖത്ത് ദുഃഖം പ്രകടമായെന്നും മാത്യു തോമസ് പറഞ്ഞു.
തീക്ഷ്ണതയുള്ള ജീസസ് യൂത്ത് പ്രവർത്തകയായിരുന്നു അജ്ന. ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള് മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല.
രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. കഴിഞ്ഞ വര്‍ഷം ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവരാണ് “ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി” എന്ന പുസ്തകം രചിച്ചിരിക്കുന്നത്.