ഏറ്റുമാനൂർ: കേൾവി, സംസാര വെല്ലുവിളി നേരിടുന്ന ഡീക്കൻ ജോസഫ് തേർമഠം മേയ് രണ്ടിന് തൃശൂർ വ്യാകുലമാതാ ബസിലിക്കയിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു തിരുപ്പട്ടം സ്വീകരിക്കും. വൈദികനായി ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുമ്പോൾ ഭാരത കത്തോലിക്കാ സഭയിൽ ചരിത്രം പിറക്കും. കേൾവി – സംസാര വെല്ലുവിളി നേരിടുന്നവർക്കിടയിൽനിന്നു പുരോഹിത പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണം ജോസഫച്ചനു സ്വന്തം!
കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് എന്ന സന്യാസസമൂഹത്തിലെ അംഗമാണു ഡീക്കൻ ജോസഫ്. തൃശൂർ കേച്ചേരി തേർമഠത്തിൽ ടി.എൽ.തോമസിന്റെയും റോസിയുടെയും ഇളയമകനായ ജോസഫിനു ജന്മനാ കേൾവിശേഷിയും സംസാരശേഷിയുമില്ല. ബന്ധുക്കൾക്കൊപ്പം താമസിച്ചു മുംബൈയിലായിരുന്നു പഠനം. ഡിഗ്രിക്കുശേഷം 2008 ൽ യുഎസിലേക്കു പോയി. വൈദികനാകണമെന്നു ചെറുപ്പംമുതലേ മോഹമുണ്ടായിരുന്നതിനാൽ അവിടെയെത്തി ഡൊമിനിക്കൻ മിഷനറീസ് ഓഫ് ദ് ഡെഫ് സന്യാസമൂഹത്തിന്റെ സെമിനാരിയിൽ ചേർന്നു. കേൾവി വെല്ലുവിളി നേരിടുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന ഹോളിക്രോസ് സഭയെപ്പറ്റി അറിഞ്ഞതോടെ ഡൊമിനിക്കൻ സഭയിൽനിന്ന് ഇളവുവാങ്ങി. 2017 ൽ ഹോളിക്രോസിൽ ചേർന്നു.
പിന്നീടാണു ഫാ. ബിജു മൂലക്കര എന്ന ഹോളിക്രോസ് വൈദികൻ അയ്മനത്തു സ്ഥാപിച്ച ‘നവധ്വനി’യെപ്പറ്റി അറിയുന്നത്. കേൾവി, സംസാര വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ലാസുകളും പരിശീലനങ്ങളുമാണു നവധ്വനിയിൽ നടത്തുന്നത്. 2008 ൽ പ്രഥമ കുർബാന ആംഗ്യഭാഷയിൽ അർപ്പിച്ചയാളാണു ഫാ. ബിജു. തിരുവനന്തപുരം അതിരൂപതയിലും ബധിര സഹോദരങ്ങളുടെ കൂട്ടായ്മ രൂപീകരണത്തിൽ കുടുംബപ്രേഷിത ശൂശ്രൂഷയ്ക്കൊപ്പം 2019- ൽ ഫാ. ബിജു നിർണ്ണായക പ്രവർത്തനം കാഴ്ചവച്ചിരുന്നു. നവധ്വനിയിലെത്തി ജോസഫ് പരിശീലനം നേടി. പിന്നീടു പുണെയിലെ ഹോളിക്രോസ് സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കി ഡീക്കൻ പട്ടം സ്വീകരിച്ചു. ആദ്യകുർബാനയ്ക്കു ‘ശബ്ദം നൽകാൻ’ ഫാ. ബിജു ഒപ്പമുണ്ടാകും. തുടർന്ന് സഭയിൽനിന്ന് ഒരാളെ ജോസഫിനൊപ്പം നിയോഗിക്കും.