പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേ അപ്പസ്തോലന്മാരുടെ ആധ്യാത്മികജീവിതമാതൃക പിന്തുടരാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നെടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് പാപ്പാ പറഞ്ഞു. ക്രിസ്തു നമുക്ക് ആരാണെന്ന ചോദ്യത്തിന് അനുദിന ജീവിതത്തിലൂടെ നാം ഉത്തരം നൽകേണ്ടതുണ്ട്. ക്രിസ്തു എനിക്ക് ആരാണ് എന്ന ചോദ്യത്തിന് വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും നൽകുന്ന ഉത്തരം ക്രിസ്തുവിന്റെ പിന്നാലെയുള്ള ജീവിതമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തു അവരുടെ ജീവിതത്തിൽ ആരാണെന്ന് കണ്ടെത്തിക്കൊണ്ട് സഭയുടെ വളർച്ചയിൽ അവർ ഇരുവരും സഹകരിച്ചു പ്രവർത്തിച്ചുവെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി. ക്രിസ്തുവിനൊപ്പവും അവനു പിന്നാലെയും ഏറെ നാൾ യാത്ര ചെയ്തതിന് ശേഷമാണ്, ഇത്തരമൊരു ആധ്യാത്മികവളർച്ചയിലേക്കും പക്വതയിലേക്കും ദൈവകൃപയാൽ പത്രോസ് കടന്നുവരികയും, കൃത്യവും വ്യക്തവുമായ ഒരു വിശ്വാസപ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്. പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്.
ദൈവകൃപയാലും ദൈവത്തിന്റെ ഇടപെടലിലൂടെയുമാണ് പൗലോസിന്റെയും വിശ്വാസജീവിതം ആരംഭിക്കുന്നതും വളർന്നുവരുന്നതും. ക്രൈസ്തവപീഡകനിൽനിന്ന് ക്രിസ്തുവിന്റെ പ്രഘോഷകനിലേക്ക് പൗലോസ് എത്തുന്നത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം അവനവനോടുതന്നെയുള്ള ഒരു പ്രഘോഷണം കൂടിയാണ്.
ദൈവീകരഹസ്യത്തിലേക്ക് കൂടുതലായി കടന്നുചെല്ലാൻ സുവിശേഷപ്രഘോഷണം നമ്മെ സഹായിക്കും. എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, ക്രിസ്തുവിനെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി പാർശ്വവത്കരിക്കപ്പെട്ടവരിലേക്കും അവഗണിക്കപ്പെട്ടവരിലേക്കും ദാരിദ്ര്യം അനുഭവിക്കുന്നവരിലേക്കും വിശ്വാസികൾ ഇറങ്ങിച്ചെല്ലണമെന്നും പാപ്പ ഓർമ്മപ്പെടുത്തി.