വർഷം 3 കഴിഞ്ഞിട്ടും കുത്തിപൊളിച്ചിട്ട ഗോതമ്പ് റോഡിന്റെ ശോചനിയാവസ്ഥയിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് പുല്ലുവിള ഫെറോനാ കെ.സി.വൈ.എം-ന്റെ ആഭിമുഖ്യത്തിൽ വാഹന പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് കെ.സി.വൈ. എം പുല്ലുവിള ഫെറോനയുടെ നേതൃത്വത്തിൽ പൂവാർ ഗോതമ്പ് റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ ഫെറോനയിലെ നിരവധി യുവജങ്ങൾ ഇരുചക്ര വാഹനങ്ങളിലായി അണി നിരന്നു.
ഫെറോനയിലെ തീരദേശ ജനതയുടെ സുഗമമായ യാത്രയ്ക്ക് തടസ്സമായി കല്ലുകളും പൊടിപടലങ്ങളും കൊണ്ട് ദുസഹമായ അവസ്ഥയിൽ നിലകൊള്ളുകയായിരുന്നു കുത്തിപൊളിച്ച റോഡ്. ഗോതമ്പു റോഡിന്റെ വീതിയും പൊക്കവും കൂട്ടി ടാറിടുന്നതിന്റെ ഭാഗമായി കുത്തിപൊളിച്ചു കല്ലുകളിട്ടിട്ട് മൂന്ന് വർഷമായെങ്കിലും തുടർപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാരണം കാണിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു ഉദ്യോഗസ്ഥർ.
റോഡിലെ പൊടിപ്പടലങ്ങൾ ശ്വസിച്ചു ശ്വാസസംബന്ധിയായ രോഗങ്ങൾകൊണ്ട് കുട്ടികളും മുതിർന്നവരും ബുദ്ധിമുട്ടനുഭവിക്കുന്ന ദുരവസ്ഥയെ മുൻനിർത്തികൊണ്ടാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നത്. പുല്ലുവിള ഫെറോനാ കെ. സി. വൈ. എം ഡയറക്ടർ ഫാ. ജോസിന്റെ നേതൃത്വത്തിലാണ് ഫെറോനയിലെ യുവജനങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായത്.