ഉക്രൈനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ച് കീവിലെ മേജർ ആർച്ച് ബിഷപ്പും ഉക്രൈനിയൻ ഗ്രീക്ക്- കത്തോലിക് ചർച്ചിന്റെ തലവനുമായ ആർച്ച് ബിഷപ്പ് സ്വിയറ്റോസ്ളാവ് ഷെവ്ചുക്. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈനിലെ ഓൾ ഉക്രൈനിയൻ കൗൺസിൽ ഓഫ് ചർച്ചസ് ആൻഡ് റിലീജിയസ് ഓർഗനൈസേഷനുകളുടെ പ്രതിനിധിസംഘം ഫ്രാൻസിസ് പാപ്പയെ വത്തിക്കാനിൽ എത്തി സന്ദർശിച്ചിരുന്നു.
സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പ ഉക്രൈനിലെ വേദനിക്കുന്ന സഭയ്ക്ക് എല്ലാ പിന്തുണയും അറിയിച്ചു. യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് അറിയില്ലെന്നും, നിലവിൽ ഉക്രൈന്റെ സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ഷെവ്ചുക് പറഞ്ഞു.
കഴിഞ്ഞദിവസം മാത്രം 20ലധികം റഷ്യൻ മിസൈലുകൾ കീവിൽ പതിച്ചതായും ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എല്ലായിപ്പോഴും മനുഷ്യരാശിക്ക് ഒരു പരാജയമാണ്. അത് എല്ലായിപ്പോഴും ഭയാനകവുമാണ്. എന്നാൽ സ്വയം പ്രതിരോധിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ബിഷപ്പ് പറഞ്ഞു.