മത്സ്യതൊഴിലാളികളുടെ അവകാശ പോരാട്ടത്തിൽ അവരെ പിന്തിരിപ്പിച്ചയക്കാനുള്ള സർക്കാരിന്റെ ഗൂഢനീക്കം പാളിയതോടെ മ്യൂസിയം മുതൽ സെക്രെട്ടറിയേറ്റ് വരെ മത്സ്യബന്ധന യാനങ്ങളുമായെത്തിയ പ്രതിഷേധ ധർണ്ണ ആരംഭിച്ചത് ഒന്നരമണിക്കൂർ വൈകി. പ്രായത്തെയും, വെയിലിനെയും വകവൈക്കാതെ വിരമിച്ച സൂസപാക്യം പിതാവും, ആർച്ച ബിഷപ്പ് തോമസ് നെറ്റോ പിതാവും, സഹമെത്രാൻ ക്രിസ്തുദാസ് പിതാവും മുന്നിൽ നിന്നു നയിച്ചതോടെ, സമരം നഗരഹൃദയത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു.
വിരമിച്ച മെത്രാപ്പോലീത്ത ഡോ.സൂസപാക്യം നിലനിൽപ്പിനായുള്ള ഈ സമരത്തിൽ താൻ തീര ജനതക്കൊപ്പമാണെന്നും ഉന്നത അധികാരികളുടെ നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും വെറും പാഴ് വാക്കുകളാണെന്നത് തീര ജനത നേരിട്ടനുഭവിക്കുകയാണെന്നും ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ന് വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിന്റെ പ്രത്യാഘാതമായി ഇത്രയേറെ നഷ്ടം അനുഭവിച്ചിട്ടും, അവ കണ്ടിട്ടും സർക്കാർ അതിനെതിരെ മുഖം തിരിക്കുകയാണ്. ഭാരതത്തിന്റെ എഴുപതിയാഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്നത്തിന്റെ മൂല്യവും പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ടെങ്കിലും അധികാരികൾ കണ്ണു തുറക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അതിരൂപതാധ്യക്ഷൻ ഡോ.തോമസ് ജെ നേറ്റോ സുവ്യക്തമായി രേഖാമൂലം നൽകിയ നിവേദനങ്ങളെയൊക്കെ കാറ്റിൽ പറത്തി കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ തീരജനതയെ സമരം ചെയ്യാൻ നിർബന്ധിരാക്കിയതാണെന്നും ആവശ്യങ്ങൾ അറിയാഞ്ഞിട്ടല്ല മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ചിലവഴിക്കാൻ അവർക്ക് സമയമില്ലാത്തതാണെന്ന വിഷമകരമായ വസ്തുതയെന്നും സൂചിപ്പിച്ചു. മ്യൂസിയത്തിന് മുന്നിൽ നിന്നും 11 മണിക്ക് തുടങ്ങേണ്ടിയിരുന്ന സമരത്തെ സർക്കാരിന്റെ തന്നെ നിഗൂഡമായ നീക്കങ്ങളാണ് തടസങ്ങൾ ഉണ്ടാക്കി വൈകിപ്പിച്ചത്. അതിരൂപതാ മക്കൾക്ക് അവകാശങ്ങൾ ലഭ്യമാകാൻ ക്രിസ്തു നൽകിയ മാതൃകയെ മുൻ നിർത്തിക്കൊണ്ട് തന്റെ ജീവൻ തന്നെ വെടിയാനും തയ്യാറാണെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ആവേശത്തോടെയണ് ജനത സ്വീകരിച്ചത്. ഹൈവേകളും ബൈവേകളും തടഞ്ഞപ്പോൾ ഇതുവരെയില്ലാത്ത പൊതുജന ശ്രദ്ധ ഇന്ന് സമരത്തിന് ലഭിച്ചു. ഇതും സർക്കാരിന്റെ അതിബുദ്ധിയുടെ ഭാഗമായി സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ആർ കഴിഞ്ഞ 20 ദിവസങ്ങളിൽ ഈ സമരം മുന്നോട്ടു പോയിട്ടും ആവശ്യങ്ങൾ അംഗീകരിക്കേണ്ടവർ അവഗണിച്ചു എന്നതാണ് നിരാശയുളവാക്കുന്ന വസ്തുതയെന്ന് വ്യക്തമാക്കി. ഇന്നത്തെ സമാധാനപരമായ സമരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെങ്കിലും സംശയാസ്പദമായ രീതിയിൽ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും വഴിയിൽ തടഞ്ഞു സമാധാനാന്തരീക്ഷത്തിന് തടസം സൃഷ്ടിച്ചത് ഭരണാധികാരികൾ തന്നെയാണെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. തീരം മുടക്കി സമരത്തിനണിനിരക്കാനും ഈ ജനത തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപത വികാരി ജനറലും സമര കൺവീനറുമായ മോൺ. യൂജിൻ എച്ച് പെരേര തീര ജനതയെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന യാതൊരു ഭീഷണിപ്പെടുത്തലും നിർദ്ദേശങ്ങളും കണ്ട് ഭയപ്പെടില്ലെന്നും ഇനിയും തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇനിയുള്ള സമര സ്ഥലവും രീതിയും സൂചിപ്പിക്കുകയും ചെയ്തു.
അതിരൂപത ചാൻസിലർ മോൺ.സി. ജോസഫ് കഴിഞ്ഞ 20 മുതലാരംഭിച്ച സമരത്തിൽ തങ്ങൾ അടിസ്ഥാന ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് ഇന്നോ നാളെയോ അവസാനിക്കുന്ന സമരമല്ലെന്നും താക്കീത് നൽകി. ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം. അതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അഭിസംബോധന ചെയ്ത് ഫാ. തിയോഡീഷ്യസ്, മോൺ. ജെയിംസ് കുലാസ്, ശ്രീ.ജോണി, അതിരൂപത മത്സ്യ ശുശ്രൂഷാ ഡയറക്ടർ ഫാ. ഷാജിൻ ജോസ് എന്നിവർ സംസാരിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ ജനങ്ങൾക്കൊപ്പം അതിരൂപയിലെ വൈദീക സന്യസ്ത അൽമായ പ്രതിനിധികളും പങ്കെടുത്തു.