ആക്കുളത്തെ ചരിത്രമതിലില്‍ വരക്കപ്പെടുന്ന അഞ്ചുതെങ്ങ് കലാപത്തിന്‍റെ അടിക്കുറിപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുരപദിഷ്ടവും സങ്കുചിതതാല്പര്യങ്ങളാല്‍ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1721 ലെ അഞ്ചുതെങ്ങ് സമരം കര്‍ഷക കയര്‍ മത്സ്യ നെയ്ത്ത് തൊഴിലാളികള്‍ ജീവിക്കാനും ജീവന്‍ നിലനിര്‍ത്താനും വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ പോരാട്ടമായിരുന്നു. ഈ കലാപത്തിന്‍റെ തുടക്കവും ഒടുക്കവും പൂര്‍ണ്ണമായും അഞ്ചുതെങ്ങിനും ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 1721 ന് മുന്‍പും അതിനുശേഷവും നടന്ന ഉപരോധങ്ങളും മുന്നേറ്റങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്.
അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കമ്പനിയുടെ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 1694 ഓഗസ്റ്റ് 28 ന് നാട്ടുകാര്‍ ഫാക്ടറി ആക്രമിച്ചു. ഇംഗ്ലീഷുകാര്‍ക്ക് കോട്ട പണിയാന്‍ ഉമയമ്മറാണി അനുവാദം നല്കിയപ്പോള്‍ അവര്‍ അവിടെ സൈനീകതാവളം നിര്‍മ്മാണം ആരംഭിച്ചു. റാണി പണിനിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും കമ്പനി മേധാവിയായിരുന്ന ബാരബോണ്‍ പണി തുടര്‍ന്നു. റാണിയാകട്ടെ വലിയൊരു സൈന്യത്തെ അഞ്ചുതെങ്ങിലേക്കയച്ചു. റാണിയുടെ സൈന്യം പരാജയപ്പെട്ടുമടങ്ങി. കുരുമുളക് കുത്തകവ്യാപാരം റാണിയില്‍ നിന്ന് കമ്പനി കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് 1697 ല്‍ വീണ്ടും ജനങ്ങള്‍ അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു.
1721 ഏപ്രില്‍ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ അധിപനായ വില്യംഗിഫോഡ് കമ്പനിസൈനികരെയും സഹായികളെയും അടിമകളെയും കൂട്ടി (240 പേര്‍) റാണിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. എന്നാല്‍ കൊല്ലമ്പുഴ ആറിന്‍റെ പടിഞ്ഞാറേക്കരയോ മണിനാക്കിന് സമീപമുള്ള ഏലാപ്പുറത്ത് വച്ചോ ഗിഫോഡിനെയും കൂട്ടരെയും കുടമണ്‍, വഞ്ചിമുട്ടം പിള്ളമാരുടെയും പിന്തുണയോടെ പട്ടിപ്പാവങ്ങളായ തൊഴിലാളികള്‍ ജീവിക്കാനും സ്വന്തം നിലനില്പിനും വേണ്ടി ബ്രിട്ടീഷ് സൈനികരെ വകവരുത്തി.
കലാപവേദിയായി കേണല്‍ ബിഡല്‍ഫിന്‍റെയും അലക്സാണ്ടര്‍ ഹാമില്‍ട്ടന്‍റെയും പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് നാല് മൈല്‍ (6 കിലോമീറ്റര്‍) അകലെയുള്ള നദിക്കര (കൊല്ലമ്പുഴ ആറിന്‍റെ പടിഞ്ഞാറെക്കര) അല്ലെങ്കില്‍ മണനാക്ക് ഏലാപ്പുറം (അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് ഏഴുകിലോമീറ്റര്‍) എന്നീ സ്ഥലങ്ങളാണ്. കലാപത്തിന്‍റെ രംഗഭൂമികളായിരുന്ന ഈ രണ്ടു പ്രദേശങ്ങളും അഞ്ചുതെങ്ങു പ്രദേശം ഉള്‍പ്പെടുന്ന കടയ്ക്കാവൂര്‍ പഞ്ചായത്തിലാണ്. ചരിത്രവസ്തുതകള്‍ ഇങ്ങനെയായിരിക്കെ അറിഞ്ഞോ അറിയാതെയോ കലാപത്തിന് ആറ്റിങ്ങള്‍ കലാപം എന്ന പേരും ലഭിച്ചു.
1721 ലെ കലാപം ഏപ്രില്‍ 15 ന് ആരംഭിച്ചുവെങ്കിലും 1723 വരെ അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് സംഘട്ടനങ്ങള്‍ നടന്നിരുന്നു. നാട്ടുകാരുടെ സംഘം അഞ്ചുതെങ്ങു കോട്ട ദീര്‍ഘകാലം ഉപരോധിച്ചു. തലശ്ശേരി കാര്‍വാര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടീഷ് സൈന്യം എത്തിയാണ് കോട്ടയുടെ നിയന്ത്രണം വീണ്ടും ഏറ്റെടുത്തത്. വിദേശചരിത്രകാരാരും വസ്തു നിഷ്ഠമായി ചരിത്ര പഠനം നടത്തിയവരും അഞ്ചുതെങ്ങിന്‍റെ ചരിത്ര പ്രാധാന്യം വ്യക്തമായി അവതരിപ്പിക്കുകയും ഇവിടെ നടന്ന ജനമുന്നേറ്റങ്ങളെ സാമ്രാജ്യത്വ കൊളോണിയല്‍ മേല്‍ക്കോയ്മക്കെതിരെയുള്ള പോരാട്ടമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഊഹാപോഹങ്ങളെയും ഭാവനകളെയും സങ്കല്പങ്ങളെയും അടിസ്ഥാനമാക്കി ചരിത്രവസ്തുതകളെ വളച്ചൊടിക്കാനുള്ള ശ്രമം തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനും തെറ്റായി വ്യാഖ്യാനിക്കാനുമുള്ള ശ്രമം വൃഥാവിലാകുകയെ ഉള്ളൂ. ചരിത്രമതിലില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ള അഞ്ചുതെങ്ങ് സമരത്തെപ്പറ്റിയുള്ള അടിക്കുറുപ്പിലെ തലക്കെട്ടോ മറ്റു വാചകങ്ങളോ മാറ്റാനുള്ള ഏതൊരു ശ്രമവും ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തും.
ഫാ.സില്‍വസ്റ്റര്‍ കുരിശ്
എക്സിക്യൂട്ടീവ് സെക്രട്ടറി
തിരുവനന്തപുരം ഹെറിറ്റേജ് കമ്മിഷന്‍