റിപ്പോട്ടർ: Sonia Bosco (St. Xavier’s College Journalism student)
ഇന്നത്തെ കേരളത്തിൽ മാനസിക സംഘർഷവും ആത്മഹത്യയും വർധിച്ചുവരികയാണ്. രാജ്യത്തെ ആത്മഹത്യ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ 50 വർഷങ്ങളായി വ്യത്യസ്ത രീതിയിലുള്ള മാറ്റങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്. അതിവേഗത്തിലുള്ള ആധുനികരണവും പരമ്പരാഗത ജീവിത രീതിയിലുള്ള മാറ്റവും കേരളിയ ജീവിതരീതിയെ സംഘർഷഭരിതം ആക്കിയിട്ടുണ്ട്. പ്രത്യേകിച്ചും യുവാക്കളുടെ ജീവിതശൈലിയിൽ ഒട്ടേറെ മേഖലകളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ യുവതലമുറയെ കാര്യമായി ബാധിച്ചു. ഈയിടെയായി കേരളത്തിൽ യുവാക്കളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകൾക്ക് കാരണം ഇവയൊക്കെയാണ്. 40 വയസ്സിന് താഴെയുള്ളവരിൽ ആണ് പകുതിയിൽ ഏറെ ആത്മഹത്യകളും.
കുട്ടികളും യുവാക്കളും നിസ്സാരമായ കാര്യങ്ങൾക്ക് പോലും എടുത്തുചാടി ആത്‍മഹത്യ യെക്കുറിച്ച് ചിന്തിക്കുന്നു. സമീപകാലത്തെ രൂപംകൊണ്ട മത്സരബുദ്ധിയും, ജോലി മോഹങ്ങളും നിരവധി സംഘർഷങ്ങൾക്ക് കാരണമായി മാറി. അവസാനം പലരും അഭയം കണ്ടെത്തിയതും ആത്മഹത്യയിലായിരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലെ പല സമ്മർദ്ദങ്ങളും ആത്‍മഹത്യകൾക്ക് കാരണമായി. അതുപോലെ തന്നെ യുവാക്കളുടെ ഇടയിൽ കൂടിവരുന്ന മദ്യപാന ശീലവും ലഹരി ഉപയോഗവും കാരണം വരുന്ന പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ എടുത്തുചാടി ആത്മഹത്യ ചെയ്യുന്നു. യുവാക്കളിലെ ആത്മഹത്യാനിരക്ക് ഇന്ന് കേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. കുട്ടികളുടെ ഇടയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം, ലഹരി ഉപയോഗം ഇവയൊക്കെ ആത്മഹത്യ പ്രവണതയ്ക്ക് കാരണമാണ്. യുവാക്കൾക്കിടയിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ,ജോലിനഷ്ടം എന്നിവയൊക്കെ വലിയൊരു നിരാശ ഉണ്ടാക്കുന്നു. അതു പോലെ തന്നെ പ്രധാനമായ ഒന്നാണ് പ്രണയ ബന്ധങ്ങളുടെ പരാജയം. ഇതൊക്കെ കാരണം പലരെയും ഇനി ജീവിക്കേണ്ടത് ഇല്ലെന്ന ചിന്തയിലേക്ക് നയിക്കുന്നു.
ഇന്നത്തെ കോവിഡ് കാലത്ത് ആത്മഹത്യ തിരഞ്ഞെടുക്കുന്ന വരുടെയും, ആത്മഹത്യാശ്രമം നടത്തുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഇതിൽ കുട്ടികൾ മുതൽ 40 വയസ്സുവരെ ഉള്ളവരാണ് കൂടുതൽ. ഒരു നിമിഷത്തെ മാനസികാവസ്ഥയാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മാനസികമായ സ്വാതന്ത്ര്യവും സമ്പർക്കവും ഇല്ലാതായപ്പോൾ ഒറ്റയ്ക്കാണെന്ന ചിന്ത വർധിച്ചു. ഇതേതുടർന്ന് മാനസികനില തകർന്നും ആത്മഹത്യക്ക് ഒരുങ്ങുന്നു. എന്നാൽ ഇവയൊന്നും ഒന്നിനും പരിഹാരമല്ല, ആത്മഹത്യകൾ കാരണം നിരവധി സ്വപ്നങ്ങളും ജീവനും നഷ്ടമാകുന്നുള്ളു. നമ്മുടെ പ്രിയപ്പെട്ടവർക്ക് ഇതെന്നും തീരാനഷ്ടമാണ്. അതുകൊണ്ടുതന്നെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ മാറേണ്ടിയിരിക്കുന്നു. ഇതിൽ നിന്നുമുള്ള ഒരു മാറ്റം നമ്മുടെ സമൂഹത്തിന് അത്യാവശ്യമാണ്.